പൊന്നാനി: മലബാറിലെ പുരാതന തുറമുഖപട്ടണമായ പൊന്നാനിയുടെ പഴയ കാല നിർമിതികളെയും ചരിത്ര സ്മാരകങ്ങളേയും സംരക്ഷിക്കാൻ പദ്ധതിയൊരുങ്ങുന്നു. പൊന്നാനി അങ്ങാടി, വലിയ ജുമുഅത്ത് പള്ളി, നാലുകെട്ട് മാതൃകയിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാടുകൾ, പുരാതന തെരുവുകൾ എന്നിവ പഴയ മാതൃകയിൽ തന്നെ നവീകരിച്ച് നില നിർത്തുന്നതിനുള്ള ശ്രമങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.
ഇതിന് മുന്നോടിയായി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുകയും പി. നന്ദകുമാർ എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
പൊന്നാനി ടൗണിനെ നേരത്തെ തന്നെ കേന്ദ്ര സർക്കാറിെൻറ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ മുസ്രിസ് പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർച്ചയുണ്ടായില്ല. ഇതേതുടർന്നാണ് വകുപ്പ് മന്ത്രിതന്നെ നേരിട്ടെത്തി സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചത്. പൊന്നാനി നഗരത്തിന് ആയിരത്തോളം വർഷമുണ്ടെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. മലബാറിലെ തന്നെ ആദ്യത്തെ വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയിലെ പുരാതന സ്മാരകങ്ങൾ ഇപ്പോൾ നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുകയാണ്.
കെട്ടിടങ്ങളുടെ പഴയ കാല മാതൃകയും തനിമയും ചോരാത്ത തരത്തിൽ തന്നെ കെട്ടിട നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. നേരത്തെ കൽപ്പാത്തി മോഡൽ പൈതൃക സംരക്ഷണത്തിനുള്ള ആലോചനകൾ നടന്നിരുന്നു. ഇടുങ്ങിയ നിരത്തുകളും മരത്തിൽ പണിതീർത്ത വീടുകളും മുസ്ലിം പള്ളികളും പുതിയ തലമുറയെ ആകർഷിക്കുന്നുണ്ട്.
പൂർണമായും മരത്തിൽ പണിതതും നടുമുറ്റത്തോട് കൂടിയ അറകളും നെല്ലറയും പത്തായവുമുള്ള നിരവധി വീടുകൾ ഇപ്പോഴും അങ്ങാടിയിലുണ്ട്. ഇവ പഴമയോടെ വീട്ടുകാർക്ക് തന്നെ നിലനിർത്തി കൊണ്ടു പോകാനാണ് തീരുമാനം. സംസ്ഥാനത്ത് തന്നെ നിരവധി പഴമയുള്ള കെട്ടിടങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് പൊന്നാനിയെന്നും സാധ്യതകൾ ഏറെയുള്ള സ്ഥലമാണിതെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിനിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മുപ്പതോളം നാലുകെട്ടുകൾ പൊളിച്ച് നീക്കിയിട്ടുണ്ട്. മഖ്ദൂം ഒന്നാമെൻറ വീടും ഇത്തരത്തിൽ പൊളിച്ചുമാറ്റി. ചരിത്ര പ്രസിദ്ധമായ പല കെട്ടിടങ്ങളും സ്വകാര്യ താൽപര്യങ്ങൾക്കു വേണ്ടി പലപ്പോഴായി പൊളിച്ചുമാറ്റുകയായിരുന്നു. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ അവശേഷിക്കുന്ന ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.