പൊന്നാനി: കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ ജനത്തിരക്കേറിയ പ്രധാന ജങ്ഷനായ പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ നിർമാണം പുരോഗമിക്കുന്ന മേൽപാലം അടുത്തവർഷം പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിർമാണ പ്രവൃത്തികളിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.
സംസ്ഥാനത്തെ നീളമേറിയ മേൽപാലങ്ങളിലൊന്നാണ് പൊന്നാനിയിലേത്. നിലവിൽ സ്ലാബ് വർക്കുകളാണ് നടക്കുന്നത്. ഇരു ഭാഗത്തുമായി അഞ്ച് തൂണുകൾ വീതമുള്ള പാലമാണ് നിർമിക്കുന്നത്. അര കിലോമീറ്ററോളം നീളമാണുള്ളത്. ജൂൺ മാസത്തോടെ പാലം നിർമാണം പൂർത്തീകരിക്കും. ദേശീയപാതയുടെ ജില്ലയിലെ ഉദ്ഘാടന ഭാഗമായി അടുത്ത പുതുവത്സരത്തിൽ നാടിന് സമർപ്പിക്കും.
കുറ്റിപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് പുതിയ പാലം വരുന്നതോടെ പഴയ പാലം പൈതൃക സ്മാരകമായി നിലനിർത്താൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റിപ്പുറം മിനി പമ്പയിൽ ദേശീയപാത നിർമാണ പ്രവൃത്തി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പുതിയ പാലം നാല് മാസത്തിനകം പൂർത്തിയായി തുറന്നു കൊടുക്കും.
പുതിയ പാലത്തിന്റെ 85 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. കുറ്റിപ്പുറം ടൗണിനെ ബന്ധിച്ച് ദേശീയ പാതയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ മന്ത്രിക്ക് നിവേദനം നൽകി. മന്ത്രിക്കൊപ്പം കെ.ടി. ജലിൽ എം.എൽ.എ, പൊതു മാരാമത്ത്, ദേശീയപാത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.