പൊന്നാനി: പൊന്നാനിയിലെ ഹാപ്പിനസ് സെന്ററിന്റെ തണലിൽ ആന്ധ്രപ്രദേശിലെ പൊലീസുകാരനും വീടണയുന്നു. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയായ ശിവകുമാറാണ് കാലങ്ങൾക്കു ശേഷം ബന്ധുക്കൾക്കരികിലേക്ക് മടങ്ങുന്നത്. വർഷങ്ങളായി തെരുവിലെ അനാഥത്വത്തിനൊപ്പം അലഞ്ഞ ശിവകുമാർ കഴിഞ്ഞ ജൂലൈയിലാണ് സെന്ററിലെത്തിയത്.
പൊന്നാനി ചന്തപ്പടിയിൽ അലഞ്ഞുനടക്കുകയായിരുന്ന ശിവകുമാറിനെ ഹാപ്പിനസ് സെന്ററിലേയും ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിലേയും വളന്റിയർമാർ ചേർന്ന് തൃക്കാവിലെ സെന്ററിലേക്കെത്തിക്കുകയായിരുന്നു. വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ഇയാൾ. അൽഷൈമേഴ്സിനൊപ്പം മാനസിക വിഭ്രാന്തി കൂടിയുണ്ടായിരുന്നു ഇയാൾക്ക്. കൃത്യമായ ചികിത്സയും പരിചരണവും നൽകി. തെലുങ്ക് ഭാഷയാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രവർത്തകർ തെലുങ്ക് അറിയാവുന്നവരെ കൊണ്ടുവന്ന് വിവരങ്ങൾ ആരാഞ്ഞു.
ശിവകുമാർ നെല്ലൂരിൽ പൊലീസ് ഓഫിസറായിരുന്നുവെന്ന് സംസാരത്തിനൊടുവിൽ തിരിച്ചറിഞ്ഞു. ഇതേതുടർന്ന് ഹാപ്പിനസ് സെന്റർ നടത്തിപ്പ് പങ്കാളികളായ ദി ബാനിയന്റെ സഹകരണത്തോടെ നെല്ലൂരിൽ ശിവകുമാറിനെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ശിവകുമാറിനെ ഈ മാസം 28ന് നെല്ലൂർ എസ്.പി ഓഫിസിലെത്തിക്കും. ഇവിടെനിന്ന് കുടുംബത്തിന് കൈമാറും. പൊന്നാനി നഗരസഭയുടെ കീഴിൽ ദി ബാനിയന്റെയും ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെയും സഹകരണത്തോടെ ആറുമാസം മുമ്പ് ആരംഭിച്ച ഹാപ്പിനസ് സെന്ററിന്റെ പരിചരണത്തിൽ നാലാമത്തെയാളാണ് തെരുവിൽനിന്ന് വീടിന്റെ സന്തോഷത്തിലേക്കെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.