പൊന്നാനി: ഹാര്‍ബർ ടോള്‍പിരിവിന് കരാര്‍ നേടിയത് വ്യാജരേഖ സമര്‍പ്പിച്ചെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്. വ്യാജരേഖ ഹാജരാക്കിയാണ് ടോള്‍പിരിവ് കൈവശപ്പെടുത്തിയതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപം. രണ്ട് പേരാണ് ടോള്‍പിരിവിനുള്ള ടെൻഡറില്‍ പങ്കെടുത്തത്. നിലവില്‍ കരാര്‍ ലഭിച്ചയാള്‍ ടെൻഡറില്‍ ഹാജരാക്കിയത് വ്യാജ ഡി.ഡിയാണെന്നാണ് ആരോപണം. ലൈഫ് മെഡിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഹാജരാക്കിയ ഡി.ഡി സ്ഥാപനത്തിന്റെ അറിവോടെയല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ടോള്‍പിരിക്കുന്ന കരാറുകാരന് ഡി.ഡിയിൽ പറയുന്ന സ്ഥാപനമില്ല. ഈ സ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് വിളിച്ചെടുത്ത കരാര്‍ റദ്ദ് ചെയ്യണമെന്നും പുതിയ ടെൻഡര്‍ ക്ഷണിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. നിലവില്‍ ഹാര്‍ബറിലെ ടോള്‍പിരിവുകാര്‍ തൊഴിലാളി വിരുദ്ധമായ സമീപനമാണ് സ്ഥിരമായി സ്വീകരിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. നടന്നുപോകുന്നവരില്നിന്ന് ഒരു ദാക്ഷണ്യവുമില്ലാതെ പണം പിരിക്കുന്ന സ്ഥിതിയാണ്. ഹാര്‍ബറിലേക്കുള്ള കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തില്‍ നിരന്തര വീഴ്ചയാണ് തുടരുന്നത്. ശുചീകരണം കൃത്യമായി നടക്കുന്നില്ല. മത്സ്യത്തൊഴിലാളികളെ അറിയിക്കാതെ രണ്ട് തവണ ഹാര്‍ബറിലെ ഗേറ്റ് അടച്ചിട്ടു.
ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് നേരിടേണ്ടിവന്നത്. വ്യാജരേഖ സമര്‍പ്പിച്ചാണ് കരാര്‍ നേടിയതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായ സാഹചര്യത്തില്‍ കരാര്‍ റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം പരാതിയുടെ അടിസ്ഥാനത്തിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് ഇത് സംബന്ധിച്ച് കരാറുകാരനോട് വിശദീകരണം തേടിയതായും ഈ ആഴ്ച മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടതായും ഹാർബർ എൻജിനീയറിങ് എക്സി. എൻജിനീയർ രാജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം ചീഫ് എൻജിനീയറെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, കരാർ മാനദണ്ഡപ്രകാരം എക്സിക്യൂട്ടിവ് എൻജിനീയറുടെ പേരിൽ മാറാവുന്ന 50,000 രൂപയുടെ ഡി.ഡി കരാറുകാരൻ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ അത്തീക്ക് പറമ്പിൽ, എച്ച്. സാദിഖ്, കെ. ഷബീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.