പൊന്നാനി: ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന പൊന്നാനിയിൽ കനോലി കനാലിന് സൗന്ദര്യമേകി കർമപാലം പ്രകാശപൂരിതമായി. ഒരുമാസം മുമ്പ് നിർമാണം പൂർത്തിയായ പാലത്തിൽ കഴിഞ്ഞദിവസമാണ് വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായതോടെയാണ് വൈദ്യുതീകരണവും നടന്നത്. 50 ലക്ഷം രൂപ ചെലവിൽ 68 വിളക്കുകളാണ് സ്ഥാപിച്ചത്. വൈദ്യുതീകരണം പൂർത്തീകരിച്ചതോടെ മന്ത്രിയുടെ തീയതി ലഭിച്ചാലുടൻ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് തീരുമാനം. പുഴയോര പാതയായ കര്മറോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെയാണ് പാലം നിർമിച്ചിട്ടുള്ളത്.
ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡാണുള്ളത്. ഇതിനോടനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡും നവീകരിച്ചിട്ടുണ്ട്. 330 മീറ്റര്‍ നീളത്തില്‍ ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിർമിച്ചത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിര്‍മാണം.
പാലത്തിന്റെ മധ്യത്തിൽ 45 മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുണ്ടാകും. കനോലി കനാലിലൂടെയുള്ള ബോട്ട് സർവിസുകൾക്ക് തടസ്സമാകാത്ത തരത്തിലാണ് മധ്യഭാഗത്തെ ഉയരം. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽ കണ്ടാണ് നിർമാണം. 330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒമ്പത് മീറ്റർ വീതിയുള്ള രണ്ട് വരി പാതയാണുള്ളത്.
ഇതിനോട് ചേർന്ന് ഒരുവശത്ത് രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയുമുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും ഒരുങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം ഗതാഗതത്തിനായി തുറന്ന് നൽകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനും സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.