പൊന്നാനി: ആതുരസേവന രംഗത്ത് നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ യാഥാർഥ്യമായ ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം അനന്തമായി നീളുന്നു. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായെങ്കിലും ലൈസൻസ് ലഭിക്കാത്തതിനാൽ ഉദ്ഘാടനം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
സംസ്ഥാന, കേന്ദ്ര സർക്കാരുടെ ലൈസൻസ് ഇനിയും ലഭിച്ചിട്ടില്ല. ഇതിനായുള്ള സംയുക്ത പരിശോധന പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്താണ് കെട്ടിടം നിർമിച്ചത്. ജില്ലയിൽ നിലവിൽ മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് ബ്ലഡ് ബാങ്ക് സൗകര്യമുള്ളത്.
പൊന്നാനിയിൽ ബ്ലഡ് ബാങ്ക് വരുന്നതോടെ ജില്ലയിലെ തീരമേഖലക്കും, തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കും ഏറെ ഗുണകരമാകും. പൊന്നാനി താലൂക്കിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ബ്ലഡ് ബാങ്ക് വേണമെന്നത് ഏറെ നാളെത്തെ ആവശ്യമായിരുന്നു. ഇതേ തുടർന്നാണ് ബ്ലഡ് ബാങ്ക് നിർമിച്ചത്.
നാഷനൽ ഹെൽത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് കെട്ടിടം യാഥാർഥ്യമായത്. ഡോക്ടേഴ്സ് റൂം, കമ്പോണന്റ് സ്റ്റോർ, കമ്പോണന്റ് പ്രോസസിംഗ് റൂം, ഗ്രൂപ്പിങ് ആൻഡ് ക്രോസ് മാച്ചിങ് റൂം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിർമിച്ചത്. നിലവിൽ തിരൂർ ജില്ല ആശുപത്രിയിൽ നിന്നോ, എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ നിന്നോ രക്തം കൊണ്ടുവരേണ്ട സ്ഥിതിയാണ്. പുതിയ ബ്ലഡ് ബാങ്ക് വരുന്നത് രോഗികൾക്കും, പ്രസവത്തിനെത്തുന്നവർക്കും വലിയ ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.