പൊന്നാനി: ആതുരസേവന രംഗത്ത് നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ നിർമിക്കുന്ന ബ്ലഡ് ബാങ്കിന്റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിലാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ 80 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ബ്ലഡ് ബാങ്കിനും കമ്പോണൻറ് പ്രോസസിങ് യൂനിറ്റിന്റെയും ലൈസൻസിനായുള്ള നടപടി പൂർത്തിയാകാനുണ്ട്.
ജില്ലയിൽ നിലവിൽ മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് ബ്ലഡ് ബാങ്ക് സൗകര്യമുള്ളത്. പൊന്നാനിയിൽ ബ്ലഡ്ബാങ്ക് വരുന്നതോടുകൂടി ജില്ലയിലെ തീരമേഖലക്കും തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർക്കും ഏറെ ഗുണകരമാകും. പൊന്നാനി താലൂക്കിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന പൊന്നാനി മാതൃ -ശിശു ആശുപത്രിയിൽ ബ്ലഡ് ബാങ്ക് നിർമിക്കണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനൊടുവിലാണ് ബ്ലഡ് ബാങ്ക് കെട്ടിടം നിർമാണമാരംഭിച്ചത്.
നാഷനൽ ഹെൽത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് ഒരുനില കെട്ടിടം ഉയരുന്നത്. ഡോക്ടേഴ്സ് റൂം, കമ്പോണൻറ് സ്റ്റോർ, കമ്പോണൻറ് പ്രോസസിങ് റൂം, ഗ്രൂപ്പിങ് ആൻഡ് ക്രോസ് മാച്ചിങ് റൂം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിർമിക്കുന്നത്. കെട്ടിട നിർമ്മാണം ഭൂരിഭാഗവും ഇതിനകം പൂർത്തിയായി. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ബ്ലഡ് ബാങ്ക് കെട്ടിടത്തിന് മുകളിൽ ഇരുനില കെട്ടിടത്തിനായി രണ്ട് കോടിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
ഇതടക്കം 3.22 കോടി രൂപയുടെ പുതിയ പദ്ധതിയാണ് നടപ്പാവുന്നത്. പേവാർഡും രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമുറികളുമാണ് മുകളിലെ നിലയിൽ നിർമിക്കുക. രോഗികൾക്ക് പേ വാർഡിലേക്ക് പോകാനായി ബ്ലഡ് ബാങ്ക് കെട്ടിടത്തെ ആശുപത്രിയുമായി പാലം വഴി ബന്ധിപ്പിക്കും. സർക്കാർ ഏജൻസിയായ വാപ്കോസിനാണ് നിർമാണ ചുമതല.
നിലവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്കില്ലാത്തത് രോഗികൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തിരൂർ ജില്ല ആശുപത്രിയിൽ നിന്നോ, എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ നിന്നോ രക്തം കൊണ്ടുവരേണ്ട സ്ഥിതിയാണ് നിലവിൽ. പുതിയ ബ്ലഡ് ബാങ്ക് വരുന്നത് രോഗികൾക്കും പ്രസവത്തിനെത്തുന്നവർക്കും വലിയ ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.