പൊന്നാനി: പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിക്ക് രാജ്യത്ത് ആദ്യമായി പൊന്നാനി നഗരസഭയിൽ തുടക്കം കുറിച്ചു. തെരുവുനായ് ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ പദ്ധതിക്ക് തുടക്കമായത്.
തെരുവുനായ്ക്കളെ പിടിച്ച്കൊണ്ട് വന്ന് പ്രാഥമികാരോഗ്യ പരിശോധനയും പേവിഷബാധ പ്രതിരോധ കുത്തിവെപ്പുമുൾപ്പെടെ നൽകും. തുടർന്ന് നിരീക്ഷിച്ച ശേഷം അന്താരാഷ്ട്ര തിരിച്ചറിയൽ സംവിധാനമായ മൈക്രോ ചിപ്പിങ് നടത്തി തിരികെ വിടും.
കുത്തിവെപ്പുകൾക്കുശേഷം പിടികൂടിയ ഇടങ്ങളിൽ തന്നെ തെരുവുനായ്ക്കളെ തിരിച്ചുവിടും. വിദേശരാജ്യങ്ങളിൽ സാധാരണമാണെങ്കിലും ഇന്ത്യയിലാദ്യമായാണ് തെരുവുനായ്ക്കൾക്ക് മൈക്രോചിപ്പ് നൽകുന്നത്.
2021-22 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സംരംഭവും എറണാകുളം കുടുംബശ്രീ ജില്ല മിഷന്റെ കീഴിൽ പ്രവർത്തിക്കുന്നതുമായ ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് വെറ്ററിനറി സർവിസ് എന്ന വനിത സ്വയംതൊഴിൽ സംരംഭ യൂനിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഈശ്വരമംഗലം ഇറിഗേഷൻ ഓഫിസ് പരിസരത്താണ് യൂനിറ്റിന്റെ മൊബൈൽ മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ. ഒരു വെറ്ററിനറി ഡോക്ടറും വെറ്ററിനറി നഴ്സും അനിമൽ ഹാന്റ്ലേഴ്സും അടക്കമുള്ള സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
കേരളത്തിൽ നടപ്പാക്കിയിരുന്ന തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സി എ.ആർ പദ്ധതി ഹൈകോടതി വിധിയെ തുടർന്ന് നിർത്തലാക്കിയ സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ ചുവടുവെപ്പ്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷീനാസുദേശൻ, കൗൺസിലറും മൃഗസംരക്ഷണ വർക്കിങ് ഗ്രൂപ് ചെയർമാനുമായ പി. ഷാഹുൽ ഹമീദ്, കൗൺസിലർമാരായ കെ.വി. ബാബു, ഇക്ബാൽ മഞ്ചേരി, നിഷാദ്, വെറ്ററിനറി ഡോക്ടർമാരായ ഡോ. സിനി, ഡോ. അങ്കിരസ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ, ജെ.എച്ച്.ഐ സുഷ, ശ്രദ്ധ യൂനിറ്റ് സി.ഒ പ്രിയ പ്രകാശൻ, വെറ്ററിനറി ഡോക്ടർ എസ്. അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.