പൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിച്ച് നിർമാണമാരംഭിക്കുന്ന പൊന്നാനി കടൽ പാലത്തിെൻറ ഫിനാൻഷ്യൽ ബിഡ് അടുത്ത ആഴ്ച തുറക്കും. ടെക്നിക്കൽ ബിഡ് ജൂലൈയിൽ തുറന്നിരുന്നു. രണ്ട് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഫിനാൻഷ്യൽ ബിഡ് തുറന്നാൽ നിർമാണ കമ്പനി ഏതെന്ന കാര്യത്തിൽ തീരുമാനമാകും. തിരുവനന്തപുരം-കാസർകോട് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമിക്കുന്ന കേബിള്‍ സ്റ്റേയ്ഡ് സസ്പെന്ഷന് ബ്രിഡ്ജിനായി ആഗോള ടെൻഡറാണ് തുറന്നത്. മാസങ്ങളോളം സർവേ നടത്തി എൽ ആൻഡ് ടി കമ്പനിയാണ് പദ്ധതിയുടെ ഡി.പി.ആർ തയാറാക്കിയിരിക്കുന്നത്.
കോഴിക്കോട്-എറണാകുളം റൂട്ടിലെ ചരക്ക് വാഹനങ്ങളുടെ ഭാരം, ചരക്ക് ഇനം, വാഹനങ്ങളുടെ എണ്ണം, വാണിജ്യ- വ്യവസായ സാധ്യതകൾ, ടൂറിസം സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിര്‍വഹണ ഏജന്‍സിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് കേരളയുടെ നേതൃത്വത്തിലാണ് ടെൻഡര്‍ നടപടികൾ പൂർത്തീകരിച്ചത്. 282 കോടി രൂപയാണ് പദ്ധതി അടങ്കല്‍ ആയി ഡി.പി.ആർ പ്രകാരമുള്ളത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ ഇടപെടലിൽ സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ച പ്രധാന കിഫ്ബി പദ്ധതികളിലൊന്നാണ് പൊന്നാനി സസ്പെന്ഷന് ബ്രിഡ്ജ്. ഇറിഗേഷന്‍, ഹാര്‍ബര്‍, പോര്‍ട്ട്, റവന്യൂ, പൊതുമരാമത്ത്, ദേശീയപാത എന്നീ വകുപ്പുകളുടെ സഹായത്തോടെ ആർ.ബി.ഡി.സി.കെയാണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നാണ് ഓരോ സമയത്തും തടസ്സങ്ങള്‍ നീക്കി പദ്ധതി മുന്നോട്ട് പോയത്. തീരദേശ ഇടനാഴിയോടൊപ്പം സൈക്കിള്‍ ട്രാക്ക്, ടൂറിസം വാക്ക് വേ, റസ്റ്റാറൻറുകള്‍, വിശ്രമ സ്ഥലങ്ങള്‍, കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനു കൂടി കഴിയുന്ന പാലം പൊന്നാനി ടൂറിസം സര്‍ക്യൂട്ടിന് വലിയ മുതല്‍ക്കൂട്ടാണ്.
ബിയ്യം കായല്‍, കർമ പുഴയോര പാത, നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, വരാന്‍ പോകുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ആൻഡ് അക്വാട്ടിക്ക് ട്രാക്ക്, കനോലി കനാലിന് കുറുകെ പുഴയോര കർമ പാലം, പൊന്നാനി ഹാര്‍ബര്‍ എന്നിവ കടന്ന് കടല്‍ പാലത്തിലൂടെ പടിഞ്ഞാറക്കര ബീച്ച്, പടിഞ്ഞാറെക്കര പാര്‍ക്ക് എന്നിവയടങ്ങുന്ന ടൂറിസം സര്‍ക്യൂട്ട് കടൽ പാലം യാഥാർഥ്യമാവുന്നതോടെ പൊന്നാനിക്ക് സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.