പൊന്നാനി: പൊന്നാനി-തവനൂർ ദേശീയപാതയുടെ ടാറിങ് വൈകുന്നതിനെതിരെ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരം. മഴക്കാലത്തിനു മുമ്പ് തന്നെ തകർന്ന റോഡുകൾ പുനർനിർമിക്കാൻ സർക്കാർ നിർദേശമുണ്ടായിട്ടും പൊന്നാനി-തവനൂർ ദേശീയപാതയുടെ ടാറിങ് പ്രവൃത്തികൾ വൈകുന്നതിനെത്തുടർന്നാണ് പൊതുമരാമത്ത് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്.
പൊതുമരാമത്ത് വകുപ്പിന് കൈമാറിയ പഴയ ദേശീയപാത പുനർനിർമിക്കാൻ കരാർ ആയെങ്കിലും പല തവണയായി റോഡിൽ കുഴിയടക്കൽ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നത്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
കരാറുകാരെൻറ അനാസ്ഥ സർക്കാറിന് റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്നാണ് പൊന്നാനിയിൽ നടന്ന അവലോകന യോഗത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ശകാരിച്ചത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത ദിവസം തന്നെ ലഭിക്കണമെന്നും മന്ത്രി നിർദേശിച്ചു. നിർമാണം മന്ദഗതിയിലായ കർമ റോഡിെൻറ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മന്ത്രി ആവശ്യപ്പെട്ടു.
തുറുവാണം, ആളം ദ്വീപ് പാലങ്ങളുടെ നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊന്നാനി മണ്ഡലത്തിലെ നിർമാണം നടക്കുന്ന പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. അവലോകന യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊതുമരാമത്ത്, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.