പൊന്നാനി: പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കം ചെയ്യുന്നതിന്റെ ഭാഗമായുള്ള വിശദ പഠനറിപ്പോർട്ട് തയാറാക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. മണൽതിട്ട നീക്കി പുലിമുട്ട് നിർമിക്കാനുള്ള വിശദ പദ്ധതിരേഖ തയാറാക്കാനുള്ള നടപടിക്കാണ് തുടക്കമായത്. ഇതിന് മുന്നോടിയായി ഗവ. ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് എൻ.ഐ.ഒ.ടി ചെന്നൈയുമായി കരാർ ഒപ്പിട്ടിരുന്നു. ബീച്ച് പ്രൊഫൈലിങ്, ടോപ്പോഗ്രാഫി സർവേ, 14 ദിവസത്തേക്ക് അഴിമുഖത്തും കടൽത്തീരത്തുമുള്ള ടൈഡ് ഡാറ്റ ശേഖരണം, ഓഫ്ഷോറിലെ സ്ഥലങ്ങളിൽ തരംഗ ഡാറ്റ ശേഖരണം, രണ്ട് സ്ഥലങ്ങളിൽ നിലവിലെ ഡാറ്റ ശേഖരണം, കടൽത്തീരം, നദീതടം, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ട സാമ്പിൾ ശേഖരണം, കടലിൽ നിന്നുള്ള ജല സാമ്പിൾ ശേഖരണം എന്നിവയാണ് ആദ്യഘട്ടം പുരോഗമിക്കുന്നത്.
ഫീൽഡ് ഡാറ്റ ശേഖരണത്തിനും ഡാറ്റ വിശകലനത്തിനും ശേഷം, സർവേ ഫലം ഹാർബർ എൻജിനീയറിങ് വകുപ്പിന് സമർപ്പിക്കും. എൻ.ഐ.ഒ.ടി പുതുപൊന്നാനിയിൽ ഗണിത മാതൃകാ പഠനവും നടത്തും. എൻ.ഐ.ഒ.ടിയിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം, ഹാർബർ എൻജിനീയറിങ് വകുപ്പ് പുതുപൊന്നാനിയിൽ ആവശ്യമായ പ്രവർത്തനങ്ങളുടെ ഭരണാനുമതിക്കായി സർക്കാറിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.
ആവശ്യമായ എല്ലാ അനുമതികളും നേടിയ ശേഷം പ്രവൃത്തി ടെൻഡർ ചെയ്യും. സർവേക്ക് 14.4 ലക്ഷം രൂപയാണ് അനുവദിച്ചത്. പുതുപൊന്നാനി മുനമ്പം ഭാഗത്തും, വെളിയങ്കോട് ഭാഗത്തുമായി പുലിമുട്ട് നിർമിച്ച് അഴിമുഖത്തെ മണൽതിട്ട നീക്കം ചെയ്യുന്ന തരത്തിലുള്ള ഡി.പി.ആർ തയ്യാറാക്കാനാണ് പ്രാഥമിക ധാരണയുള്ളത്. നൂറിലേറെ ഫൈബർ വള്ളങ്ങളും ചെറുവള്ളങ്ങളും മീൻപിടിത്തം നടത്തുന്ന അഴിമുഖം ഇപ്പോൾ അപകട പാതയാണ്. മത്സ്യ ബന്ധന യാനങ്ങൾക്ക് സുഗമമായി കടന്ന് പോകുന്നതിന് വേണ്ടി അഴിമുഖത്തെ കല്ലുകൾ നീക്കം ചെയ്തെങ്കിലും, അഴിമുഖത്തെ മണൽതിട്ടകളും അഴിമുഖത്തിന്റെ വീതി കുറവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.