അവസാനിച്ചത് നഷ്ടങ്ങളുടെ മറ്റൊരു സീസൺ
പൊന്നാനി: കടലൊന്ന് ശാന്തമാകുമ്പോൾ പ്രതീക്ഷയുടെ തുഴയെറിഞ്ഞ് കടലിലിറങ്ങുമ്പോഴേക്കും കാലാവസ്ഥ മുന്നറിയിപ്പ്. മാസങ്ങൾക്ക് ശേഷം കടലിലിറങ്ങിയാൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ വെറും കൈയോടെ തിരിച്ചുവരവ്. ഇതിനിടെ തൊഴിലാളികളെയും ബോട്ടുടമകളെയും വലച്ച് സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും. കടം വാങ്ങിയും ലോണെടുത്തും കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശ മാത്രം സമ്മാനിച്ച ഒരു സീസൺ കൂടി അവസാനിച്ചു.
ഇനി 52 ദിവസം പട്ടിണിയുടെയും പരിവട്ടത്തിന്റെയും ദിനങ്ങൾ.
ട്രോളിങ് നിരോധനത്തിന് വ്യാഴാഴ്ച അർധരാത്രി തുടക്കമായതോടെ ജില്ലയിലെ ബോട്ടുകളെല്ലാം കരക്കടുപ്പിച്ചു. പത്ത് മാസത്തെ സീസണിൽ ഈ വർഷം ആകെ കടലിലിറങ്ങാനായത് വെറും നാലഞ്ച് മാസം മാത്രം. ദുരിതങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ കാലയളവിൽ മത്സ്യമേഖല അഭിമുഖീകരിച്ചത്.
കടലാക്രമണവും കാലാവസ്ഥ മുന്നറിയിപ്പും മത്സ്യലഭ്യതക്കുറവും മൂലം തീരം നേരത്തെ തന്നെ പട്ടിണിയിലേക്ക് നീങ്ങിയിരുന്നു.
മാസങ്ങൾക്ക് മുമ്പുണ്ടായ കടലാക്രമണത്തിന്റെ ദുരിതം ഇനിയും വിട്ടുമാറിയിട്ടില്ല. കടലാക്രമണത്തിൽ വീട് നഷ്ടമായ നിരവധി പേരാണ് ഇപ്പോഴും വാടക വീടുകളിലും മറ്റും കഴിയുന്നത്.
ഇനിയുള്ള ദിവസങ്ങൾ ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികളുടെ കാലമാണ്. ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ മാത്രമാണ് ലഭിക്കുന്നത്. ആശ്വാസ ധനസഹായം കൂടി ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പ് തന്നെ അന്യ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോയെന്ന് ഉറപ്പാക്കായിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമു
ണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.