പൊന്നാനി: കേരളത്തിലെ ഇസ്ലാമിക ചരിത്രത്തിന്റെ വേരുകൾ തേടി റുമേനിയൻ യുവതി കാറ്റലിന പവൽ പൊന്നാനിയിലെത്തി. ജർമനിയിലെ ഗോട്ടിൻഗൻ സർവകലാശാലയിൽ ഗവേഷകയായ കാറ്റലിനയുടെ പ്രധാന പഠന വിഷയം ദക്ഷിണേന്ത്യയുടെ നരവംശശാസ്ത്രവും ഇസ്ലാമിക ചരിത്രവുമാണ്.
കാലിക്കറ്റ് സർവകലാശാല മുൻ പരീക്ഷ കൺട്രോളറും പൊന്നാനി സ്വദേശിയുമായ എം.കെ. പ്രമോദിന്റെ ക്ഷണം സ്വീകരിച്ചാണ് പൊന്നാനിയിൽ എത്തിയത്. റുമേനിയയിലെ ബുക്കാറസ്റ്റ് സർവകലാശാലയിലെ ഓറിയന്റല്‍ ലാംഗ്വേജ് ഡിപ്പാര്ട്മെന്റില്നിന്നാണ് ഹിന്ദിയും അറബിക്കും ഇസ്ലാമിക സംസ്കാരവും ചരിത്രവും പഠിച്ചത്.
മധ്യകാല അറേബ്യൻ സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ കേരള സന്ദര്‍ശവും മലബാറും കാറ്റലിനയുടെ പഠനവിഷയമായിരുന്നു. ഇബ്നു ബത്തൂത്തയുടെ കുറിപ്പുകളിലൂടെ അറിഞ്ഞ രാജ്യം നേരിൽ കാണണമെന്ന ആഗ്രഹമാണ് കാറ്റലിനയെ ഇന്ത്യയിലെത്തിച്ചത്.
2015ൽ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഡല്‍ഹിയില്‍ ഇന്റേൺഷിപ് ചെയ്യാനായിരുന്നു ആദ്യ വരവ്. 2017 ആഗസ്റ്റില്‍ വീണ്ടും ഇന്ത്യയിലെത്തി. മൂന്നുമാസം ഇന്ത്യയില്‍ ചെലവഴിച്ച ശേഷം മടങ്ങി. 2019 ഒക്ടോബറില്‍ പിന്നെയും വന്നു. പൊന്നാനിയുടെ സാംസ്കാരിക പ്രബുദ്ധതയും മതസൗഹാർദവും പൗരാണികതയും മതിപ്പ് ഉളവാക്കിയെന്ന് കാറ്റലിന പറഞ്ഞു.
പുന്നയൂർകുളത്തെ കമല സുറയ്യ സ്മാരക മന്ദിരവും പൊന്നാനി വലിയ ജുമുഅത്ത് പള്ളിയും പുരാതന തറവാടുകളും സാംസ്കാരിക കേന്ദ്രവും സന്ദർശിച്ചു. ഗവേഷണ ഭാഗമായി കമല സുറയ്യയെക്കുറിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹൈദരാബാദിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.