തവനൂർ: മഹാത്മാവിന്റെ ചിതാഭസ്മ നിമജ്ജനത്തിന്റെ ഓർമ പുതുക്കുന്ന 74ാമത് തിരുനാവായ സർവോദയ മേള ചേരിതിരിഞ്ഞുള്ള ചടങ്ങുകളോടെ സമാപിച്ചു. വിഭാഗീയത പരസ്യമായി പ്രകടിപ്പിച്ച് സർവോദയ പ്രവർത്തകർ വെവ്വേറെ ശാന്തിയാത്ര നടത്തി. തവനൂർ കേളപ്പജി സ്തൂപത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തിയാണ് ശാന്തിയാത്ര ആരംഭിച്ചത്. തിരുനാവായ ഗാന്ധി പ്രതിമയിൽ ഹാരാർപണം നടത്തി. സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച വിഭാഗം സർവോദയ മിത്ര മണ്ഡലം നേതൃസംഗമം സംഘടിപ്പിച്ചു. ഏതാനും പേർ സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയത് അംഗീകരിക്കില്ലെന്നും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും സംഗമം പ്രഖ്യാപിച്ചു. കാലിക്കറ്റ് സർവകലാശാല ഗാന്ധി ചെയർ വിസിറ്റിങ് പ്രഫ. ആർസു ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് മാത്യു മേള സന്ദേശം നൽകി.
മിത്രമണ്ഡലം ജില്ല പ്രസിഡന്റ് മുളക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ടി. ബാലകൃഷ്ണൻ, എച്ച്. സുധീർ, യു. രാമചന്ദ്രൻ, നാസർ കൊട്ടാരത്ത്, ഉദയകുമാർ, ഹമീദ് കൈനിക്കര, ഷാജു മഠത്തിൽ, യു.വി.സി. മനോജ് എന്നിവർ സംബന്ധിച്ചു. ഡോ. ആർസു രചിച്ച 'ഗാന്ധിജിയുടെ ഊർജം' പുസ്തകം തായാട്ട് ബാലൻ പ്രകാശനം ചെയ്തു.
മറുവശത്ത് സർവോദയ പ്രവർത്തകരും നാട്ടുകാരും ശാന്തിയാത്ര നടത്തി. സർവോദയ പ്രവർത്തക എം.എം. സുബൈദ രാംധ്വൻ ആലപിച്ചു. ശാന്തിയാത്രക്ക് സി. ഹരിദാസ്, എം.എം. സുബൈദ, കോലോത്ത് ഗോപാലകൃഷ്ണൻ, കെ. രവീന്ദ്രൻ, വി.ആർ. മോഹനൻ നായർ, എം.വി. രഘുനന്ദൻ, രാജേഷ് പ്രശാന്തിയിൽ, സലാം പോത്തനൂർ, ലത്തീഫ് കുറ്റിപ്പുറം, പ്രണവം പ്രസാദ് എന്നിവർ നേതൃത്വം നൽകി. തിരുനാവായ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തോടു കൂടി ശാന്തിയാത്ര സമാപിച്ചു. സമാപന യോഗം ഗാന്ധി പ്രതിമക്കു സമീപം പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്തു. സി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
വർഷങ്ങളായി സർവോദയ മണ്ഡലം കമ്മിറ്റിയാണ് മേള നടത്തുന്നത്.
എന്നാൽ, സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യുവിനെ നീക്കിയതായും സർവോദയ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും അഖിലേന്ത്യ നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് ഇത്തവണ നടത്തിപ്പ് രണ്ട് തട്ടിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.