പൊന്നാനി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാനാകതെ സ്കൂൾ വാഹനങ്ങൾ.ജി.പി.എസ് ക്രമീകരണവുമായി ബന്ധപ്പെട്ട സൈറ്റുകൾ പണിമുടക്കിയതാണ് ഫിറ്റ്നസ് പരിശോധനക്ക് തടസ്സമാകുന്നത്.
നവംബർ ഒന്നിനു സ്കൂൾ തുറക്കുന്നതിനു മുമ്പു വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളെല്ലാം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, സ്കൂൾ വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം നിർബന്ധമെന്നിരിക്കെ ജി.പി.എസ് പുതുക്കുന്നതിന് വേണ്ടിയുള്ള സൈറ്റ് തുടർച്ചയായി പണിമുടക്കുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഒന്നര വർഷത്തോളം നിരത്തിലിറങ്ങാതിരുന്ന സ്കൂൾ ബസുകളിലെ ജി.പി.എസ് സംവിധാനം മിക്കതും പ്രവർത്തനരഹിതമാണ്. ഇത് പുതുക്കുന്നതാണ് അവതാളത്തിലായത്.
ജി.പി.എസ് ഉണ്ടെങ്കിൽ മാത്രമെ ഫിറ്റ്നസ് അനുവദിക്കുന്നുള്ളൂ. അതേസമയം, കൂട്ടത്തോടെ സൈറ്റിൽ അപേക്ഷകൾ വന്നതാകാം തടസ്സത്തിന് കാരണമെന്നും ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങൾ വന്നിട്ടില്ലെന്നും പൊന്നാനി ജോയൻറ് ആർ.ടി.ഒ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ ബസുകൾ ഉൾപ്പെടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് ഒരുവർഷത്തെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് ആർ.ടി.ഒ ഓഫിസുകളിൽ എത്താത്തതിനാൽ ഇതും നടപ്പാക്കുന്നില്ല. ഇതോടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തേടി എത്തിക്കുന്ന സ്കൂൾ വാഹനങ്ങൾ വലിയ തുക നികുതി ഇനത്തിൽ നൽകേണ്ട സ്ഥിതിയാണ്.
ഒന്നര വർഷമായി െറഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ സ്കൂൾ ബസുകൾ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മിക്കവരും ഒരുവർഷത്തെ നികുതി അടച്ചിട്ടുണ്ടാകില്ല. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള നികുതി ഒഴിവാക്കിയതായാണ് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. ഒന്നരവർഷമായി ഓട്ടമില്ലാതെ കിടക്കുന്നതിനാൽ ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനു തന്നെ സ്കൂൾ അധികൃതർക്കു വലിയൊരു തുക ചെലവാകും. ഇതിനു പുറമേയാണ് സീറ്റുകളുടെ എണ്ണം കണക്കാക്കി നികുതി കൂടി അടക്കേണ്ടി വരുന്നത്. ഇത്രയും പണമടച്ച് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയാലും കോവിഡ് സാഹചര്യത്തിൽ രക്ഷിതാക്കൾ വിദ്യാർഥികളെ സ്വകാര്യ വാഹനങ്ങളിൽ അയക്കാനാണ് മുൻഗണന നൽകുന്നതെന്നും സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.