പൊന്നാനി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ.ടി.ഒ ഓഫിസിന് കീഴിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70 വാഹനങ്ങൾ പരിശോധിച്ചു. ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, വിൻഡോ ഷട്ടർ, ജി.പി.എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു.
വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാസൗകര്യങ്ങളും പരിശോധനക്ക് വിധേയമാക്കി. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ച് കൊടുത്തു.തകരാർ കണ്ടെത്തിയ അഞ്ച് വാഹനങ്ങൾ പോരായ്മകൾ പരിഹരിച്ച് വീണ്ടും പരിശോധനക്ക് ഹാജരാക്കണം.
പൊന്നാനി ആർ.വി പാലസിൽ സ്കൂൾ ബസ് ജീവനക്കാർക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറം പരിപാടി ഉദ്ഘാടനം ചെയ്തു. എ.എം.വി.ഐ മുഹമ്മദ് അഷറഫ് സൂർപ്പിൽ ക്ലാസെടുത്തു. എം.വി.ഐമാരായ ജസ്റ്റിൻ മാളിയേക്കൽ, കെ.കെ. അനൂപ് എന്നിവർ പങ്കെടുത്തു. മനോഹരൻ, സലീഷ് എന്നിവരും ബസ് പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.