പൊന്നാനി: തീരദേശ മേഖലയിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരം കാണാനായി സമുദ്രജല ശുദ്ധീകരണശാല യാഥാർഥ്യമാകുന്നു. സംസ്ഥാനത്ത് ഏഴിടങ്ങളിൽ കടലോരത്ത് ശുദ്ധീകരണ ശാല നിർമിക്കുന്നതിന്റെ ഭാഗമായാണ് പൊന്നാനിയിലും പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ഉന്നത സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.
പൊന്നാനി ഹാർബറിലെ പുതിയ വാർഫിന് സമീപം ജല ശുദ്ധീകരണശാല സ്ഥാപിക്കാനാണ് പ്രാഥമിക ധാരണയായിട്ടുള്ളത്. ഹാർബർ എൻജിനീയറിങ് വകുപ്പിന് കീഴിൽ പദ്ധതിക്കാവശ്യമായ സ്ഥലം വിട്ടുനൽകും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധജലത്തിന്റെ അഭാവം മറികടക്കാനാണ് വിദേശ രാജ്യങ്ങളിലെ മാതൃകയിൽ കടൽജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി വിവിധയിടങ്ങളിലായി ആവിഷ്കരിക്കുന്നത്.
കടലിലെ ഉപ്പിന്റെ സാന്ദ്രത ലഘൂകരിച്ച് ശുദ്ധജലമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ. രാജൻ എബ്രഹാം പറഞ്ഞു. ഹാർബറിലെ രണ്ടിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
പൊന്നാനി നഗരസഭയിലെ ഫിഷർമെൻ ഫ്ലാറ്റിലേക്കാവശ്യമായ ശുദ്ധജലവും പദ്ധതിയിലൂടെ വിതരണം ചെയ്യാനാകും. കൂടാതെ വേനലിൽ ഉപ്പുവെള്ളം ലഭിക്കുന്ന തീരദേശ മേഖലകളിലേക്കും ജലക്ഷാമം നേരിടുന്ന നഗരസഭയിലെ മറ്റിടങ്ങളിലേക്കും ഹാർബറിൽ നിർമിക്കുന്ന പ്ലാന്റ് വഴി ശുദ്ധജലം നൽകാൻ കഴിയും. ഇതിനനുസൃതമായി കൂടുതൽ കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിർമിക്കുകയെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ പൊന്നാനി സമ്പൂർണ ശുദ്ധജല നഗരസഭയാകും.
ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ. രാജൻ എബ്രഹാം, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇ.എ. സന്തോഷ് കുമാർ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി. മുഹമ്മദ് ബഷീർ, ഒ.ഒ. ഷംസു, ഷീന സുദേശൻ, രജീഷ് ഊപ്പാല, എം. ആബിദ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.