പൊന്നാനി: തെരുവിൽ അലഞ്ഞുതിരിയുന്ന മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സംസ്ഥാനത്ത് ആദ്യമായി അടിയന്തര ചികിത്സ നൽകി പുനരധിവാസ കേന്ദ്രമൊരുക്കാൻ പൊന്നാനി നഗരസഭ. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദ ബന്യൻ, പൊന്നാനി ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ (ഇ.സി.ആർ.സി) പ്രവർത്തിക്കുക. മാനസിക വിഭ്രാന്തിമൂലം തെരുവിൽ അലഞ്ഞുതിരിയുന്നവർക്ക് പുനരധിവാസവും ചികിത്സയും ഉറപ്പാക്കാനുള്ളതാണ് പുനരധിവാസ കേന്ദ്രം. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിൽ ഇത്തരത്തിൽ പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നത്. കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, മനോരോഗ വിദഗ്ധൻ എന്നിവരുടെ സേവനവും ലഭ്യമാകും.
രോഗം ഭേദമാകുന്നതുവരെ പരിചരണം നൽകിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ലഹരി ഉപയോഗംമൂലം മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരെയും കേന്ദ്രത്തിൽ പുനരധിവസിപ്പിക്കാനാണ് തീരുമാനം. പൊന്നാനി ചന്തപ്പടിയിൽ സൗജന്യമായി വിട്ടുനൽകിയ വീട്ടിലാണ് കേന്ദ്രം പ്രവർത്തിക്കുക. മൂന്ന് വർഷത്തേക്കാണ് കേന്ദ്രം സൗജന്യമായി വിട്ടുനൽകിയത്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തി ഫെബ്രുവരി അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് നഗരസഭ തീരുമാനം.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്തിന്റെ നേതൃത്വത്തിൽ കെട്ടിടം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, നഗരസഭ എൻജിനീയർ സുജിത്ത് ഗോപിനാഥ് തുടങ്ങിയവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.