പൊന്നാനി: ഫിഷിങ് ഹാർബറിലേക്ക് കപ്പൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി വാർഫിന് സമീപത്തെ പുഴയുടെ ആഴം പരിശോധിക്കുന്നതിന് ഹൈഡ്രോ ഗ്രാഫിക് സർവേ തുടങ്ങി. കടലിൽ നിന്ന് അഴിമുഖം കടന്ന് 400 മീറ്റർ ദൂരം വരെ ഏതാണ്ട് അഞ്ച് മീറ്റർ ആഴമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
സർവേ നടപടികൾ പൂർത്തിയായാൽ മാത്രമേ കൃത്യമായ ആഴം നിർണയിക്കാൻ കഴിയുകയുള്ളൂ. നിലവിലുള്ള സാഹചര്യം വെച്ച് ഹാർബറിലേക്ക് കപ്പലടുക്കണമെങ്കിൽ ആഴം കൂട്ടേണ്ടി വരും. പൊന്നാനി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹാർബറിലേക്ക് കപ്പൽ കൊണ്ടുവരാൻ ശ്രമം നടത്തുന്നത്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് ലക്ഷദ്വീപിലേക്ക് പഠനയാത്ര പുറപ്പെടുന്നത്. പഠനയാത്രക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിക്കൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി. നന്ദകുമാർ എം.എൽ.എ എന്നിവർ കത്തയച്ചിട്ടുണ്ട്.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി ലഭ്യമായാൽ അടുത്തമാസം 26ന് പൊന്നാനി ഹാർബറിൽനിന്ന് കപ്പലിൽ യാത്ര പുറപ്പെടും. 31 വരെ സംഘം ലക്ഷദ്വീപിൽ ചെലവഴിക്കും.
വലിയ കപ്പലാണ് വരുന്നതെങ്കിൽ ഹാർബറിനോടു ചേർന്നുള്ള പുഴയോര ഭാഗത്ത് ആഴം കൂട്ടൽ വേണ്ടി വരും. രണ്ട് വർഷം മുമ്പ് ഹാർബർ പ്രദേശത്ത് ഹൈഡ്രോഗ്രാഫിക് സർവേ നടന്നിരുന്നു. അന്നത്തെ അതേ തോതിൽ തന്നെയാണ് ഇപ്പോഴും പുഴയുടെ ആഴമെന്നാണ് പ്രാഥമിക നിഗമനം. അസിസ്റ്റന്റ് മറൈൻ സർവേയർ ആൽബർട്ട് എയ്ഡ്രിൻ ലൂയിസ്, ഫീൽഡ് അസിസ്റ്റന്റ് മനോജ് കുമാർ, ടൈഡ് വാച്ചർ റാവു, രഘുലാൽ, രാമൻ, അനിൽകുമാർ എന്നിവർ സർവേക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.