പൊന്നാനി: ചരക്ക്, യാത്ര ഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകി പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനാവശ്യമായ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കാൻ തീരുമാനം. 200 മീറ്റർ നീളത്തിൽ ചരക്ക് കപ്പലുകൾക്കുൾപ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡി.പി.ആറാണ് സമർപ്പിക്കുന്നത്. പൊന്നാനി തുറമുഖത്തിനായി കേന്ദ്ര സർക്കാറിന്‍റെ സാഗർമാല പദ്ധതിയിൽ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായാണ് ഡി.പി.ആർ തയാറാക്കുന്നത്. നൂറുകോടി രൂപയോളം ചെലവുവരുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കുന്ന തരത്തിലായിരിക്കും പദ്ധതി തയാറാക്കുക.
നിലവിൽ പൊന്നാനി അഴിമുഖത്ത് ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ് നടത്തി 10 മീറ്ററോളം ആഴം വർധിപ്പിക്കാനാണ് തീരുമാനം. ലക്ഷദ്വീപുമായി ഏറ്റവും ദൂരക്കുറവുള്ള തുറമുഖം പൊന്നാനിയായതിനാൽ ചരക്ക് ഗതാഗതത്തിന് പുറമെ യാത്ര ഗതാഗതത്തിനും സാധ്യതകൾ ഏറെയെന്നാണ് നിഗമനം. കൂടാതെ കോയമ്പത്തൂരിലേക്കുൾപ്പെടെ വാണിജ്യസാധനങ്ങൾ കയറ്റിയയക്കാനുള്ള സാധ്യതയും വർധിക്കും.
പുരാതനകാലത്ത് കപ്പലടുത്തിരുന്ന തുറമുഖമെന്നതിനാൽ കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ വർധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ മലബാറിലെ കപ്പൽ ഗതാഗതത്തിന്‍റെ പ്രധാന കവാടമായി പൊന്നാനി മാറും. ഡി.പി.ആറിന് അംഗീകാരം ലഭിച്ചാൽ വാർഫ് നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പി. നന്ദകുമാർ എം.എൽ.എക്ക് പുറമെ മാരിടൈം ബോർഡ് സി.ഇ.ഒ ടി.പി. സലീം കുമാർ, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി അൻവർ സാദത്ത്, കോഴിക്കോട് പോർട്ട് ഓഫിസർ അശ്വിനി പ്രതാപ്, ഹാർബർ എൻജിനീയറിങ് സൂപ്രണ്ടിങ് ഓഫിസർ കുഞ്ഞിമമ്മു പറവത്ത്, പോർട്ട് കൺസർവേറ്റർ ത്രിപീദ്, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം എന്നിവരും പോർട്ട് പ്രദേശം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.