പൊന്നാനി: കടവനാട് മേഖലയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുന്നു. രാത്രിയുടെ മറവിൽ കടവനാട്ടെ കോൺഗ്രസ് കൊടിമരം നശിപ്പിച്ചു. കടവനാട് തേറയിൽ പീടിക ഭാഗത്താണ് ലഹരിമാഫിയ തമ്പടിച്ച് പ്രദേശവാസികളുടെ സ്വൈരജീവിതം തകർക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഘം കടവനാട് ഇന്ദിരാ ഗാന്ധി സ്മാരകത്തിലെ കൊടിമരം മുറിച്ചുമാറ്റുകയും, കോൺഗ്രസ് പതാക നശിപ്പിക്കുകയും ചെയ്തത്.
രാത്രി മയക്കുമരുന്ന് ഉപയോഗിക്കുന്നവർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും, ആയുധങ്ങൾ കാട്ടി ഭയപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു. പലതവണ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടും പൊലീസ് നടപടി കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.
കൊടിമരം നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് പൊന്നാനി പൊലീസിന് നൽകിയ പരാതിയിൽ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ പുന്നക്കൽ സുരേഷ്, എ. പവിത്രകുമാർ, എൻ.പി. നബിൽ, കെ.എൻ. റഹീം, സി. ജാഫർ, കെ. സന്തോഷ്, കെ. പ്രഭു, കെ.വി മുഹമ്മദ്, പി. വാസു ഫസലുറഹ്മാൻ, ടി. സുരേഷ്, ശിവൻ കടവനാട് എന്നിവർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പ്രദേശത്തെ സാമൂഹിക വിരുദ്ധർക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപവത്കരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.