പൊന്നാനി: പൊന്നാനിയിലെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായുള്ള പാർപ്പിട സമുച്ചയത്തിെൻറ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലായതോടെ സെപ്റ്റംബർ 15ന് കൈമാറാൻ തീരുമാനമായി. ആഗസ്റ്റ് 25നാണ് തീരുമാനിച്ചിരുന്നതെങ്കിലും നിർമാണം വൈകിയതോടെയാണ് ഉദ്ഘാടനവും നീണ്ടുപോയത്. ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിർമാണ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു. ഫ്ലാറ്റിലെ വൈദ്യുതീകരണ പ്രവർത്തനങ്ങളും ജലവിതരണത്തിനായുള്ള സംവിധാനവും ടൈൽ വിരിക്കലും പുരോഗമിക്കുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ സംവിധാനവും തെരുവുവിളക്ക് സ്ഥാപിക്കലും നടക്കും.
128 ഫ്ലാറ്റുകളാണ് തീരവാസികൾക്കായി നിർമിച്ചിട്ടുള്ളത്. ഒരു ബ്ലോക്കിൽ താഴത്തെ നിലയിൽ നാലും മുകൾ നിലയിൽ നാലുമുൾപ്പെടെ എട്ട് ഫ്ലാറ്റുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. ഫ്ലാറ്റുകളിൽ 106 കുടുംബങ്ങളുടെ അന്തിമ ഗുണഭോക്തൃ പട്ടിക തയാറായി.
ഫിഷറീസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. ഫിഷിങ് ഹാർബറിലെ രണ്ട് ഏക്കർ സ്ഥലത്താണ് ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്. രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും അടങ്ങിയ 530 ചതുരശ്ര അടിയിലുള്ള വീട്ടിൽ വൈദ്യുതിയും കുടിവെള്ളവും മാലിന്യനിർമാർജന സൗകര്യവുമുണ്ടാകും.
കൂടാതെ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ കമ്യൂണിറ്റി ഹാൾ, അംഗൻവാടി, തൊഴിൽ പരിശീലന കേന്ദ്രം, തീര മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള കോമൺ ഫെസിലിറ്റി സെൻററുകളും രണ്ടാം ഘട്ടത്തിൽ നിർമിക്കും. 100 ഫ്ലാറ്റുകൾ കൂടി നിർമിക്കാനും ഭരണാനുമതി ലഭ്യമായിട്ടുണ്ട്. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കും.
മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഹാർബർ സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞി മമ്മു പറവത്ത്, ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ രാജീവ്, എം.എൽ.എയുടെ പ്രതിനിധി കെ. സാദിഖ്, ഫിഷറീസ്, കെ.എസ്.ഇ.ബി, നിർമാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.