പൊന്നാനി: പൊന്നാനിയിൽ സഞ്ചാരികൾ ധാരാളമെത്തുന്ന നിളയോര പാത രാത്രിയിൽ പ്രകാശ പൂരിതമാകും. പാതയിലുടനീളം തെരുവു വിളക്കുകളും സുരക്ഷിത കാമറകളും സ്ഥാപിക്കാൻ ട്രാഫിക് ക്രമീകരണ സമിതി യോഗത്തിൽ തീരുമാനമായി. തെരുവുവിളക്കുകളില്ലാത്തത് രാത്രിയിൽ വാഹനാപകടങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പൊക്കവിളക്കുകൾ സ്ഥാപിക്കാൻ തീരുമാനമായത്. അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്താനാണ് സി.സി.ടി.വികൾ സ്ഥാപിക്കുന്നത്.
പാതയിലൂടെ ചരക്ക് വാഹനങ്ങളുടെ പ്രവേശനം കർശനമായി നിരോധിക്കും. വലിയ മത്സ്യ ലോറികളുൾപ്പെടെ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് ഇവിടെയെത്തുന്നവർക്ക് പ്രയാസമാകുന്നുണ്ട്. നിള ടൂറിസം റോഡിലേക്കുള്ള പ്രധാന ജങ്ഷനുകളായ ചന്തപ്പടി, കുറ്റിക്കാട്, ജിം റോഡ് എന്നിവിടങ്ങളിൽ വേഗത നിയരന്ത്രണ സംവിധാനങ്ങളും ദിശ സൂചകങ്ങളും സ്ഥാപിക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. കുണ്ടുകടവ് ജങ്ഷനിലെ തെരുവുകച്ചവടക്കാർക്കായി പ്രത്യേക സ്ഥലം നിർണയിച്ച് നൽകി പി.ഡബ്യു.ഡി, നഗരസഭ, പൊലീസ് എന്നിവരുടെ സഹകരണത്തോടെ ഇവരെ മറ്റുഭാഗത്തേക്ക് മാറ്റാനും തീരുമാനിച്ചു.
പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണ കാലയളവിൽ പ്രൈവറ്റ് ബസുകൾക്കായി കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് താൽക്കാലിക ബസ് സ്റ്റേഷൻ സജ്ജീകരിക്കും. പൊന്നാനി-കുന്നംകുളം റൂട്ടിലോടുന്ന ബസുകൾ പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ ട്രിപ്പ് മുടക്കുന്നതിന് പരിഹാരം കാണാൻ ബസുടമകളുടെ യോഗം വിളിച്ചുചേർക്കുമെന്ന് പൊന്നാനി ജോയിന്റ് ആർ.ടി.ഒ പറഞ്ഞു. ബസ് സ്റ്റാൻഡിലെത്തേണ്ട വാഹനങ്ങളുടെ കൃത്യമായ രജിസ്റ്റർ സൂക്ഷിക്കാനും യോഗത്തിൽ തീരുമാനമായി.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയന്റ് ആർ.ടി.ഒ ടി.എം. ഇബ്രാഹിം കുട്ടി, എ.എസ്.ഐ അയ്യപ്പൻ, ഡെപ്യൂട്ടി തഹസിൽദാർ, സ്ഥിരം സമിതി അധ്യക്ഷരായ ടി.മുഹമ്മദ് ബഷീർ, രജീഷ് ഊപ്പാല, നഗരസഭ സെക്രട്ടറി എസ്. സജിറൂൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.