പൊന്നാനി: നഗരസഭയുടെ അടച്ചുപൂട്ടിയ ‘വഴികാട്ടി’ പ്രഥമശ്രുശൂഷ കേന്ദ്രം തുറക്കാൻ നടപടികൾ ആരംഭിച്ചു. കെട്ടിടത്തിന്റെ കേടുപാടുകൾ തീർക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘മാധ്യമം’ വാർത്തയെത്തുടർന്നാണ് നടപടി. കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ജീവനക്കാരുടെ അഭാവവും മൂലം അടച്ചുപൂട്ടിയ കേന്ദ്രമാണ് തുറക്കാൻ നടപടിയായത്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ അടിയന്തര അറ്റകുറ്റപണികൾ ആരംഭിച്ചു. കെട്ടിടത്തിനകത്തെ കേടുപാടുകൾ സംഭവിച്ച ചുമർ നവീകരണവും പുറത്ത് ഡ്രസിങ് വർക്കുകളുമാണ് നടക്കുന്നത്. തുടർന്ന് താലൂക്കാശുപത്രിയിൽനിന്ന് എൻ.എച്ച്.എം ജീവനക്കാരനെ നിയോഗിച്ച് പ്രവർത്തനം പുനരാരംഭിക്കും.
ആരോഗ്യമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പൊന്നാനി നഗരസഭ കാര്യാലയത്തിന് സമീപത്തായി അഞ്ച് വർഷം മുമ്പ് ‘വഴികാട്ടി’ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
പൊന്നാനി ബസ് സ്റ്റാൻഡിലും നഗരസഭ കാര്യാലയത്തിലുമെത്തുന്നവർക്ക് അവശ്യഘട്ടങ്ങളിൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകാനും രക്തസമ്മർദ-പ്രമേഹ പരിശോധനക്കും സൗകര്യം ഉണ്ടായിരുന്ന ‘വഴികാട്ടി’ മികച്ച രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഒരു വർഷമായി കേന്ദ്രത്തിന്റെ ചുമരുകളിൽ വിള്ളൽ വന്ന് ശോച്യാവസ്ഥയിലാണ്. ഇതിനിടെ വഴികാട്ടിയിലെ ജീവനക്കാരി സ്ഥലം മാറി പോയതോടെ കേന്ദ്രം അടച്ചിടുകയായിരുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ സംസ്ഥാന സർക്കാറിന്റെ ‘വഴികാട്ടി’ പദ്ധതിയുടെ ഭാഗമായാണ് നഗരസഭയിൽ ആരോഗ്യകേന്ദ്രം ആരംഭിച്ചത്. എമർജൻസി കെയറിൽ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകയുടെ സേവനം രാവിലെ 10 മുതൽ അഞ്ച് വരെയാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.