പൊന്നാനി: കേരളത്തിലെ കടലിലെയും മറ്റു ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ പഠിച്ച് സർക്കാർ കൈക്കൊള്ളേണ്ട പരിഹാര നടപടികൾ നിർദേശിക്കുന്നതിനുള്ള ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം പൊന്നാനിയിൽ ആരംഭിക്കുന്നു. ജൂൺ 21ന് നഗരസഭയുടെ പഴയ ഓഫിസിൽ ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി പ്രവർത്തനം ആരംഭിക്കും. കെട്ടിടനിർമാണം പൂർത്തീകരിക്കുന്ന മുറക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഹാർബറിൽ പ്രവർത്തനമാരംഭിക്കും.
ഹൈഡ്രോഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിങ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോഗ്രാഫിക് മേഖല ഓഫിസാണ് പൊന്നാനി കേന്ദ്രമായി വരുക.
എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫിസ് സ്ഥാപിക്കുക. ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോഗ്രാഫിക് മോഡേൺ സർവേ, ക്വാണ്ടിറ്റി സർവേ, ഡൈവിങ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണ് സർവകലാശാലക്ക് കീഴിലുണ്ടാവുക.
കടലിലെയും മറ്റു ജലാശയങ്ങളിലെയും മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി, മണ്ണിന്റെ ഘടന, വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ കടൽതീരത്തുണ്ടാകുന്ന മാറ്റങ്ങൾ, കടൽതീരത്ത് വർഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നിരവധി കാര്യങ്ങൾ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് ശാസ്ത്രീയമായി കണ്ടെത്താൻ ഇതുവഴി കഴിയും.
കടൽ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രായോഗിക സമീപനങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാറിന് നൽകാനും ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കും.
നിലവിൽ കടലിലെ ഘടന മാറ്റങ്ങൾ പഠിക്കാൻ കേരളത്തിൽ സർക്കാർതലത്തിൽ സംവിധാനമില്ല. ലോക ഹൈഡ്രോഗ്രാഫിക് ദിനത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലിക കേന്ദ്രത്തിന്റ ഉദ്ഘാടനം നിർവഹിക്കും. അനുബന്ധ പരിപാടികളായി സെമിനാറും പ്രദർശനവും സംഘടിപ്പിക്കും.
പൊന്നാനിയിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ പൊന്നാനി ഹാർബർ എൻജിനിയറിങ് ഓഫിസിൽ ചേർന്നു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ചീഫ് ഹൈഡ്രോഗ്രാഫർ ജെറോഷ് കുമാർ, മലബാർ റീജനൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനിദേവ്, ഹാർബർ എൻജിനിയറിങ് എക്സിക്യൂട്ടീവ് എൻജിനിയർ രാജീവ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.