പൊന്നാനി: മലപ്പുറം ജില്ലയിൽ ഏറ്റവും ജനസാന്ദ്രതയുള്ള പൊന്നാനി താലൂക്കിൽ തഹസിൽദാറില്ലാതായിട്ട് ഒരാഴ്ച പിന്നിട്ടു. പകരം ചുമതലയുള്ള തിരൂർ തഹസിൽദാറെ പൊന്നാനിയിൽ കാണാനില്ലാത്ത സ്ഥിതിയാണ്.
പൊന്നാനി പ്രിൻസിപ്പൽ തഹസിൽദാറായിരുന്ന കെ. ഷാജിക്ക് ശബരിമല ഡ്യൂട്ടി ലഭിച്ചതിനെത്തുടർന്നാണ് പൊന്നാനി താലൂക്ക് ഓഫിസിന്റെ കാര്യങ്ങൾ താളംതെറ്റിയത്. പകരം ചുമതല നൽകിയത് തിരൂർ തഹസിൽദാർക്കാണ്. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും ചുമതലയുള്ള തഹസിൽദാർ ഒരുദിവസം പോലും പൊന്നാനിയിലെത്തിയിട്ടില്ല. ഇതോടെ പതിനൊന്ന് വില്ലേജുകളുൾപ്പെടുന്ന താലൂക്കിലെ വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ വലയുകയാണ്. ഇപ്പോൾ ഫയലുകളെല്ലാം തിരൂരിലേക്ക് കൊണ്ടു പോകേണ്ട സ്ഥിതിയാണ്. നേരത്തേ ഇത്തരത്തിൽ ശബരിമല ഡ്യൂട്ടിയുള്ളപ്പോൾ ഇതേ താലൂക്കിലെ തന്നെ ഉദ്യോഗസ്ഥർക്ക് പകരം ചുമതല നൽകിയിരുന്നു. എന്നാൽ, റവന്യൂ വകുപ്പിന് കീഴിലെ ഒരുസർവിസ് സംഘടനയുടെ പിടിവാശി മൂലമാണ് ഇതേ താലൂക്കിലെ ഉദ്യോഗസ്ഥന് ചുമതല നൽകാതിരുന്നതെന്നാണ് ആക്ഷേപം. പ്രിൻസിപ്പൽ തഹസിൽദാർക്ക് പുറമെ ലാന്റ് റവന്യൂവിലും തഹസിൽദാറില്ലാത്ത സ്ഥിതിയാണ്. ഇതോടെ പൊന്നാനി താലൂക്കിലെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനം വലയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.