പൊന്നാനി: പൊന്നാനി നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നു. കൊല്ലൻപടിയിലും നിളയോരപാതയിലും മോഷണം നടന്നതിന് പിറകെ പുഴമ്പ്രം, ബിയ്യം മേഖലകളിലെ ഒമ്പത് കടകളിലും ക്ഷേത്രത്തിലും മോഷണം. പുഴമ്പ്രം സഫ സ്റ്റോർ, കവല സൂപ്പർമാർക്കറ്റ്, ബാറ്ററി സ്റ്റോർ, ബിയ്യം ഷിഹാസ് സ്റ്റോർ, ഹൈബ്രിഡ് ബാറ്ററി സ്റ്റോർ, ഫാമിലി ബേക്കറി, എം.ടി സ്റ്റോർ, ചെറുവായ്ക്കര സ്കൂൾ, ഡോർ മെൻസ് വെയർ, പതിയാരത്ത് അമ്പലം എന്നിവിടങ്ങളിലായിരുന്നു മോഷണം.
കവല സൂപ്പർമാർക്കറ്റ്, ഷിഹാസ് സ്റ്റോർ, ഫാമിലി ബേക്കറി, എം.ടി സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് പണമപഹരിച്ചു. 15000 രൂപയോളമാണ് ഇവിടെനിന്നും നഷ്ടമായത്. വ്യാഴാഴ്ച പുലർച്ചെയാണ് വ്യാപക മോഷണം. കടകളുടെ പൂട്ട് തകർത്താണ് അകത്തു കടന്നിട്ടുള്ളത്.
പൊന്നാനി: വിവിധയിടങ്ങളിൽ മോഷണം പതിവായിട്ടും പൊലീസ് നിഷ് ക്രിയമെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായ സമിതി രംഗത്ത്. വ്യാപാരികളെയും നാട്ടുകാരെയും ഭയത്തിലാക്കിയ മോഷ്ടാക്കളെ പിടികൂടാൻ സാധിക്കാത്തത് പൊലീസിന്റെ പിടിപ്പുകേടെന്നും വ്യാപാരി സമിതി കുറ്റപ്പെടുത്തി.
തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടകൾ കുത്തിത്തുറക്കുന്ന മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുപോലും തുടർ മോഷണങ്ങൾ നടക്കുന്നത് പൊലീസിന്റെ നിഷ് ക്രിയത്വം മൂലമാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.
പതിവായി മോഷണം നടത്തുന്നവരാണ് ഇപ്പോഴത്തെ മോഷണസംഘമെന്ന് സംശയമുണ്ട്. വ്യാഴാഴ്ച പുലർച്ചെ പട്രോളിങ് നടക്കുന്നതിനിടെയാണ് പുഴമ്പ്രം, ബിയ്യം മേഖലകളിൽ മോഷണം നടന്നത്. പൊലീസ് അന്വേഷണം ഊർജിതമാണെന്നും രാത്രി പട്രോളിങ് ഉൾപ്പെടെ ശക്തമാണെന്നും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.