പൊന്നാനി: മഴക്കാലത്ത് ദുരിതം പേറി പൊന്നാനി നായരങ്ങാടിയിലെ അഞ്ച് കുടുംബങ്ങൾ. നാലടി വീതിയുള്ള വഴിക്ക് സമീപത്തെ വെള്ളക്കെട്ടാണ് ദുരിതമാകുന്നത്. ഏഴ് അടിയോളം താഴ്ചയുള്ള വെള്ളക്കെട്ടാണ് വഴിയുടെ ഇരുവശവും. കൂടാതെ വെള്ളക്കെട്ടിൽ ചകിരി നിറച്ചത് കാരണം മലിനമായ അവസ്ഥയാണ്. പാതയിലെ മലിനജലം താണ്ടിയാണ് വിദ്യാർഥികളുൾപ്പെടെ സഞ്ചരിക്കുന്നത്. വെള്ളത്തിൽനിന്ന് ദുർഗന്ധം വമിക്കുകയും ചൊറിച്ചിൽ പോലുള്ള അസുഖങ്ങൾ ബാധിക്കുകയും ചെയ്യുന്നുണ്ട്.
അഞ്ച് കുടുംബങ്ങളിൽനിന്നായി പത്തോളം കുട്ടികളാണ് ഇതുവഴി സ്കൂളിലേക്ക് യാത്ര ചെയ്യുന്നത്. മഴ പെയ്താൽ ഈ വഴിയിലൂടെയുള്ള യാത്ര ഭീതിയേറിയതാണ്. മഴ പെയ്ത് വെള്ളം നിറഞ്ഞാൽ വഴിയും വെള്ളക്കെട്ടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാകും. നടന്നുപോകാൻ വേണ്ടി താൽക്കാലികമായി കമ്പു കുത്തിവെച്ചിരിക്കുകയാണ്. നഗരസഭ അധികൃതരോട് പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വഴി കോൺക്രീറ്റ് ചെയ്ത് യാത്ര സുഗമമാക്കണമെന്നും ഇരുവശത്തെയും വെള്ളക്കെട്ടിൽ ചകിരി താഴ്ത്തിവെക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.