പൊന്നാനി: സർക്കാറിൽനിന്ന് സൗജന്യമായി ലഭിച്ച ഭൂമിയിൽ വീട് നിർമാണത്തിന് അപേക്ഷിച്ച പട്ടികജാതി കുടുംബം ഭൂമി തരംമാറ്റാനാകാതെ ഓഫിസുകൾ കയറിയിറങ്ങുന്നു. നിർധനരും നിത്യരോഗികളുമായ പൊന്നാനി നൈതല്ലൂർ സ്വദേശികളായ ദമ്പതികളാണ് വീടിനായി ഓഫിസുകൾ കയറിയിറങ്ങി മടുത്തത്. സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത അംബികയുടെയും വാർധക്യസഹജമായ അസുഖങ്ങളാൽ വലയുന്ന അച്യുതന്റെയും ഏറെനാളത്തെ വീടെന്ന സ്വപ്നമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അന്യമാവുന്നത്. കാലങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് സർക്കാറിൽനിന്ന് ലഭിച്ച രണ്ട് സെന്റ് ഭൂമിയിൽ വീട് വെക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീട് വെക്കാൻ അംബിക 2018ൽ പൊന്നാനി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചപ്പോഴാണ് ഇത് കൃഷി ഭൂമിയാണെന്നും വീട് വെക്കാൻ കഴിയില്ലെന്നും മനസ്സിലായത്.
ഭൂമി തരം മാറ്റാനായി ആർ.ഡി.ഒയെ ഉൾപ്പെടെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. രണ്ട് സെന്റ് മാത്രമുള്ള ഭൂമി തരംമാറ്റാൻ നഗരസഭ സെക്രട്ടറിയും വില്ലേജ് ഓഫിസറും കൃഷി ഓഫിസറും അടങ്ങുന്ന കമ്മിറ്റി തീരുമാനിച്ചാൽ മാത്രം മതി. എന്നാൽ, വർഷങ്ങളായിട്ടും അനകൂല തീരുമാനമുണ്ടായിട്ടില്ല. സ്ഥലം ഏറ്റെടുക്കുമ്പോൾ നടത്തേണ്ട പ്രാഥമിക പരിശോധന പോലും ഉദ്യോഗസ്ഥർ നടത്തിയില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.