പൊന്നാനി: പൊന്നാനി ഐശ്വര്യ തിയ്യേറ്ററിന് പിൻവശം ചെറുവായ്ക്കര പള്ളക്കളം സ്വദേശി കുന്തനകത്ത് ഹൗസിൽ രാധയെ കെട്ടിയിട്ട് മർദിച്ച് സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. മോഷണം നടത്തിയ പൊന്നാനി ഓം തൃക്കാവ് അയിനിക്കൽ ഹൗസിൽ ദിനേഷ് എന്ന വിനു (33), പൊന്നാനി മുക്കട്ടക്കൽ സ്വദേശി പടാരിയിൽ പ്രീത (45) എന്നിവരെയാണ് സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ജോലിക്ക് വന്ന സ്ത്രീയെക്കുറിച്ച് രാധ നൽകിയ സൂചനയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രീതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതി ദിനീഷിനെയും അറസ്റ്റ് ചെയ്തു.
ഇരുവരുമായി പൊലീസ് മോഷണം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ ഉറങ്ങിക്കിടന്ന രാധയെ പ്ലാസ്റ്ററിങ് ടാപ്പ് കൊണ്ട് കഴുത്തിൽ ചുറ്റുകയും തോർത്ത് മുണ്ട് കൊണ്ട് വായ് മൂടിക്കെട്ടി മർദിക്കുകയും ചെയ്തു. ഒന്നേകാൽ പവന്റെ മാല, ഒന്നേകാൽ പവന്റെ രണ്ട് വളകൾ, അര പവൻ തൂക്കമുള്ള കമ്മൽ എന്നിവയാണ് മോഷ്ടിച്ചത്. സ്വർണാഭരണം പ്രീതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.
പൊന്നാനി: വീട്ടമ്മയെ കെട്ടിയിട്ട് മർദിച്ച് സ്വർണം കവർന്ന സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത് വീട്ടമ്മയുടെ മൊഴി. സംഭവത്തിൽ 24 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്യാനായതിന്റെ ആശ്വാസത്തിലാണ് പൊലീസ്. നേരത്തെ 350 പവൻ മോഷണം നടത്തിയ പ്രതികൾക്കായുള്ള അന്വേഷണം വൈകുന്നതിനിടെയുണ്ടായ മോഷണം പൊലീസിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. അറസ്റ്റിലായ ദിനേഷും പ്രീതയും വീട്ടമ്മയായ രാധയുടെ പരിചയക്കാരാണ്. പ്രീത ദിവസങ്ങളായി രാധയുടെ വീട്ടിൽ സഹായിയായി വരാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് രാധയുടെ വീട്ടിലെത്തിയ ദിനേഷ് വീടിന്റെ പിറക് വശത്തെ വാതിലിന്റെ കൊളുത്ത് തുറന്നിട്ടു.
രാത്രിയിൽ ശീതള പാനീയത്തിൽ ഉറക്ക ഗുളിക കലർത്തി നൽകുകയും ചെയ്തു. തുടർന്നാണ് പുലർച്ചെ പൊന്നാനി മാതൃശിശു ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന പ്രീതയെ ബൈക്കിൽ ദിനേഷ് മോഷണത്തിനായി ഒപ്പം കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.