പൊന്നാനി: മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾ വഴി വലിയ പ്രചരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഗാർഹിക മാലിന്യം സംസ്കരിക്കാൻ ഇടമില്ലാതെ പൊന്നാനി ഫിഷർമെൻ ഭവന സമുച്ചയത്തിലെ കുടുംബങ്ങൾ. ബയോബിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അനുവദിക്കാത്തതിനാൽ മാലിന്യം കോമ്പൗണ്ടിൽ തന്നെ കൂട്ടിയിടേണ്ട ഗതികേടിലാണിവർ. വീടുകളിൽ നിന്നുള്ള മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ വലിയ പ്രചരണം സംസ്ഥാന സർക്കാറും തദ്ദേശ സ്ഥാപനങ്ങളും നടത്തുന്നതിനിടെയാണ് പൊന്നാനിയിലെ പുനർഗേഹം ഭവന സമുച്ചയത്തിലുള്ളവരുടെ ഗാർഹിക മാലിന്യം കോമ്പൗണ്ടിൽ കിടന്ന് ചീഞ്ഞ് നാറുന്നത്.
രണ്ട് വർഷം മുമ്പാണ് ഭവനസമുച്ചയം യാഥാർഥ്യമായത്. അന്ന് മുതൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. നിലവിൽ വീടുകളിൽ നിന്നുള്ള മാലിന്യം കോമ്പൗണ്ടിലെ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിടേണ്ട ഗതികേടിലാണ് കുടുംബങ്ങൾ.
ഇവ ദിവസങ്ങളോളം ഇവിടെ കിടന്ന് ചീഞ്ഞ് നാറുമ്പോൾ നഗരസഭ ശുചീകരണ തൊഴിലാളികളെത്തി ഇതേ സ്ഥലത്ത് കുഴിച്ച് മൂടുകയാണ് പതിവ്. 120 കുടുംബങ്ങളിൽ നിന്നുള്ള മാലിന്യം കോമ്പൗണ്ടിൽ നിറയുന്നതിനാൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പെടെ പുറത്തേക്ക് വിടാൻ മാതാപിതാക്കൾ ഭയക്കുകയാണ്. രാത്രിയിൽ തെരുവുവിളക്കില്ലാത്തതിനാൽ പ്രദേശം പൂർണമായും ഇരുട്ടിലാവുന്ന സ്ഥിതിയുമുണ്ട്. ഈ ഭാഗത്ത് നാല് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നീളുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.