മലപ്പുറം: 'പ്രാണവായു' പദ്ധതിയിൽ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് സാധനസാമഗ്രികൾ വിതരണം ചെയ്തത് സംബന്ധിച്ച് ജില്ല ഭരണകൂടം, ജില്ല ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം (എൻ.എച്ച്.എം) എന്നിവരുടെ പക്കൽ കണക്കുകളില്ലെന്ന് വിവരാവകാശ രേഖ. ജില്ലയുടെ അടിസ്ഥാനസൗകര്യത്തിന് സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിന് പകരം 'ജനകീയ സഹകരണം' വഴി ഫണ്ട് കണ്ടെത്താനാണ് മുൻ കലക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 'മലപ്പുറത്തിന്റെ പ്രാണവായു' പദ്ധതി കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ചത്.
കോവിഡ് രണ്ടാം തരംഗത്തിൽ വെൻറിലേറ്ററുകൾക്കും ഐ.സി.യു ബെഡുകൾക്കും ക്ഷാമം നേരിട്ടതോടെ സൗകര്യം വർധിപ്പിക്കാനാണ് ജനകീയ സഹായം തേടിയത്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യം ഒരുക്കുന്നതിനാണ് പദ്ധതി നടപ്പാക്കിയത്.
വ്യവസായികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽനിന്ന് പദ്ധതിയിലേക്ക് പണവും സാധനസാമഗ്രികളും കൈപ്പറ്റിയിരുന്നു. ഇവ ജില്ലയിലെ ഏതൊക്കെ ആശുപത്രികളിലേക്ക് കൈമാറിയത് സംബന്ധിച്ച വിവരമാണ് ആരോഗ്യ വകുപ്പ്, എൻ.എച്ച്.എം എന്നിവരുടെ പക്കൽ ലഭ്യമല്ലാത്തത്.
മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഇതുവരെ സാധന സാമഗ്രികൾ ലഭിച്ചിട്ടില്ല. കൂടാതെ മിക്ക താലൂക്ക് ആശുപത്രികളിലും ലഭിച്ചിട്ടില്ല. നിലമ്പൂർ, തിരൂർ ഉൾപ്പെടെ ചില ജില്ല ആശുപത്രികളിലേക്ക് ചില സാധനങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റു സാധന സാമഗ്രികൾ വിതരണം ചെയ്തിട്ടുണ്ടോ അതോ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
ജനങ്ങളിൽനിന്ന് ശേഖരിച്ച 15,17,020 രൂപയിൽനിന്ന് ഒരു രൂപ പോലും ആശുപത്രികളുടെ ആവശ്യത്തിനായി വിനിയോഗിച്ചിട്ടില്ല. 'ഡിസ്ട്രിക്ട് കലക്ടർ മലപ്പുറം' എന്ന ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് വെൻറിലേറ്റർ, 100 ഓക്സിമീറ്റർ, 68 ഓക്സിജൻ സിലിണ്ടർ, നിരവധി സർജിക്കൽ ഗ്ലൗസുകൾ, സാനിറ്റൈസറുകൾ, മാസ്ക്, ഫ്ലോർ ക്ലീനറുകൾ, പൾസ് ഓക്സി മീറ്റർ, ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ എന്നിവയും സംഭാവനയായി പ്രാണവായും പദ്ധതിയിൽ ലഭിച്ചിരുന്നു. ഇവ ജില്ല, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.
വിവരാവകാശ നിയമപ്രകാരം ജില്ല ഭരണകൂടം നൽകിയ വിവരങ്ങളിൽ ധാരാളം പൊരുത്തക്കേടുകളുമുണ്ട്. ജില്ല ഇൻഫർമേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 11,20,000 രൂപയും എറണാകുളം കേന്ദ്രമായ ഒരു കമ്പനി 10 ലക്ഷം രൂപയും കൈമാറിയതായി പറയുന്നു.
എന്നാൽ, 15,17,020രൂപയാണ് ലഭിച്ചതെന്ന് വിവരാവകാശപ്രകാരം നൽകുന്ന വിവരം. ഏകദേശം അഞ്ച് കോടിയുടെ സാധന സാമഗ്രികൾ ലഭിച്ചതായി വെബ്സൈറ്റിൽ പറയുന്നു. ഡൽഹി ആസ്ഥാനമായ 'സ്വസ്ത്' സന്നദ്ധ സംഘടന മാത്രം 300 ഓക്സിജൻ സിലിണ്ടറുകൾ നൽകിയതായും വെബ്സൈറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.