തിരൂരങ്ങാടി: കഴിഞ്ഞദിവസം പെയ്ത മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കക്കാട് മുതൽ പൂക്കിപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലും വെന്നിയൂരിനും പൂക്കിപ്പറമ്പിനും ഇടയിലാണ് അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ ഭാഗങ്ങളിൽ ദേശീയപാതയുടെ പ്രവൃത്തി ദ്രുതഗതിയിൽ നടക്കുകയാണ്. ആറോളം വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങുകയും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന റോഡിൽ പൂക്കിപ്പറമ്പ് ഭാഗത്താണ് മുകളിലൂടെ പോകുന്ന റൂട്ടിൽ വെള്ളം രൂപപ്പെട്ടത്. ഇതിനാൽ തന്നെ തൃശൂർ കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങുകയും മണിക്കൂറുകളോളം റോഡിൽ ബ്ലോക്ക് ആവുകയും ചെയ്തു.
രണ്ടുദിവസമായി പെയ്യുന്ന മഴയിലാണ് ഈ റോഡ് വെള്ളക്കെട്ട് ആയി മാറിയത്. തുടർന്ന് ദിവസങ്ങളിലും മഴ തുടർച്ചയായി പെയ്യുകയാണെങ്കിൽ റോഡ് പുഴയായി തന്നെ മാറുമെന്ന് നാട്ടുകാർ ആരോപിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ പാരൽ റോഡിലൂടെ തിരിച്ചുവിട്ടെങ്കിലും പൂക്കിപ്പറമ്പിനും വെന്നിയൂരിനും ഇടയിൽ കഴിഞ്ഞദിവസം അർധരാത്രിയിൽ മണിക്കൂറോളം ആണ് വാഹനങ്ങൾ കെട്ടിക്കിടന്നത്. പ്രദേശത്തെ നാട്ടുകാരും യുവാക്കളും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് ഒരു പരിധിവരെ വാഹന ഗതാഗതം നിയന്ത്രിച്ചത്. വെന്നിയൂരിൽ നിന്നും പോക്കറ്റ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടതിനാൽ കുറച്ച് ആശ്വാസമായി എന്ന് യാത്രക്കാർ പറഞ്ഞു.
കാലവർഷം അടുക്കുന്നതിന് മുന്നോടിയായി വെള്ളം നിൽക്കുന്നതിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ മേഖലയിലൂടെ യാത്ര ചെയ്യുന്നത് ചിന്തിക്കുക തന്നെ വേണ്ടെന്ന് പരിസരത്തെ ഓട്ടോ തൊഴിലാളികൾ പറഞ്ഞു.
രാമനാട്ടുകര മുതൽ കുറ്റിപ്പുറം വരെയുള്ള ദേശീയപാതയിലെ പണി തകൃതിയായി നടക്കുകയാണ് നിലവിൽ. എന്നാൽ ഇടിമുഴിക്കലും ചേളാരിയിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് സ്ഥിരമായിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തിയായി തുടർന്നാൽ ഈ ഭാഗങ്ങളിലും കടുത്ത വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി തീരും. മൺസൂൺ വന്നെത്തുന്നത്തിനു മുൻപായി വെള്ളക്കെട്ട് പരിഹരിച്ചില്ലെങ്കിൽ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നത് ദുഷ്കരമായി തീരും.
പൂക്കിപ്പറമ്പിലെ വെള്ളക്കെട്ടിൽ നിന്നും വാഹനങ്ങളെ തിരിച്ചുവിട്ടും വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങളെ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചതും പ്രദേശത്തെ യുവാക്കൾ ആണ്. യുവാക്കളുടെ പ്രവർത്തി ഇതിനകം തന്നെ പ്രശംസ നേടിയിട്ടുണ്ട്.
നിലമ്പൂർ: മലയോര മേഖലയിൽ തിങ്കളാഴ്ച പെയ്തത് കനത്ത മഴ. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ മഴ വൈകീട്ട് 6.30 വരെ തുടർന്നു. ചാലിയാറിലും ഉപ നദികളിലും വെള്ളത്തിന്റെ കുത്തൊഴുക്ക് അനുഭവപ്പെട്ടു. ഏഴു മണിക്കൂറിനുള്ളിൽ നിലമ്പൂരിൽ പെയ്തത് 83 മി. മീറ്റർ മഴ. നിലമ്പൂരിലെ വെതർ സ്റ്റേഷനിൽ 67.5 മി. മീറ്ററും പാലേമാട് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ രാവിലെ പതിനൊന്നര മുതൽ വൈകീട്ട് ആറര വരെ 83 മി.മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.
കേന്ദ്ര കാലാവസ്താ വകുപ്പിന്റെ വർഗീകരണ പ്രകാരം 24 മണിക്കൂറിനുള്ളിൽ 65 മി. മീറ്ററിന് മുകളിൽ പെയ്താൽ ശക്തമായ മഴയെന്നാണ് രേഖപ്പെടുത്തുക. തിങ്കളാഴ്ച ഏഴു മണിക്കൂറിനുള്ളിലാണ് 83 മി.മീറ്റർ മഴ പെയ്തത്. ഈ മാസം ഒന്നുമുതൽ 20 വരെ നിലമ്പൂർ മേഖലയിൽ ലഭിച്ചത് 167.5 മി.മീറ്റർ മഴയാണ്. ഇതിൽ പകുതിയും ഇന്നലത്തെ പെയ്ത്താണ്.
മേലാറ്റൂർ: പൂർത്തിയാകാതെ കിടക്കുന്ന റോഡ് പ്രവൃത്തി കാരണം ചെമ്മാണിയോട് ജങ്ഷനിൽ അപകടം പതിവാകുന്നു. മഴ പെയ്തു തുടങ്ങിയതോടെയാണ് ചെമ്മാണിയോട് ടൗണിൽ നിന്ന് തേലക്കാട് ഭാഗത്തേക്ക് പോകുന്ന റോഡിൽ വാഹന യാത്രക്കാർക്ക് ഭീഷണിയായത്. മുടങ്ങിക്കിടക്കുന്ന സംസ്ഥാന പാതയുടെ പ്രവൃത്തിയുടെ ഭാഗമായാണ് കഴിഞ്ഞവർഷം ഇടറോഡ് തുടങ്ങുന്ന ഭാഗത്ത് കല്ലുകളുൾപ്പെടെ മണ്ണ് കൊണ്ടുവന്ന് തട്ടിയത്.
മഴ പെയ്തതോടെ വഴുക്കലുണ്ടാവുകയും ബൈക്കുകൾ ഉൾപ്പെടെയുള്ളവക്ക് അപകടഭീഷണിയാവുകയും ചെയ്തു. ചെറിയ വാഹനങ്ങളുൾപ്പെടെ നിയന്ത്രണം വിട്ട് തൊട്ടുമുമ്പിലുള്ള കടകളിലേക്ക് തെന്നിപോവാറുണ്ട്.
തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളത്. സ്കൂളുകൾ തുറക്കാറായ സാഹചര്യത്തിൽ ചെറിയ വാഹനത്തിൽ കുട്ടികളുമായി വരുന്ന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ഏറെ ഭീഷണിയാണ് ഈ റോഡ്. ഇരുചക്ര വാഹനങ്ങൾ പുറകിലെ ആളെ ഇറക്കിയാണ് ഇതിലൂടെ കടന്നുപോകാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.