തേഞ്ഞിപ്പലം: ദേശീയപാതയിൽ സർവിസ് റോഡ് ഒഴിവാക്കി ബസുകൾ ആറുവരിപാതയിലൂടെ കുതിച്ചു പായുന്നതിനാൽ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് പെടാപാട്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾക്കൊപ്പം കോട്ടക്കൽ, പരപ്പനങ്ങാടി തിരൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളും സർവിസ് റോഡ് ഒഴിവാക്കി പോകുന്നതാണ് തേഞ്ഞിപ്പലം അടക്കമുള്ള മേഖലകളിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. സർവിസ് റോഡിലെ ഗതാഗത കുരുക്ക് കാരണമാണ് ബസുകൾ മിക്കവയും ആറുവരി പാതയിലേക്ക് കടക്കുന്നത്.
താഴെ ചേളാരി, മേലേ ചേളാരി, പാണമ്പ്ര , ചെട്ടിയാർമാട്, കാക്കഞ്ചേരി തുടങ്ങിയ മേഖലകളിൽ സർവിസ് റോഡിൽ പതിവായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് വാഹനങ്ങൾ ഏറെ നേരം വഴി കുടുങ്ങി കിടക്കാൻ ഇടയാക്കാറുണ്ട്. ബസുകൾ ഇത്തരത്തിൽ കുടുങ്ങുമ്പോൾ സർവിസ് സമയക്രമം തെറ്റുന്നതിനും ട്രിപ്പ് മുടങ്ങുന്നതിനും ഇടയാക്കും. ഇതുകൊണ്ടു കൂടിയാണ് സർവിസ് റോഡ് ഒഴിവാക്കിയുള്ള ബസുകളുടെ സർവിസ്. എന്നാൽ പ്രാദേശികമായുള്ള യാത്രക്കാർ കൃത്യസമയത്ത് ബസ് കിട്ടാതെ വലയുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
സർവിസ് റോഡിലെ കുരുക്കിൽ കുടുങ്ങി ആംബുലൻസുകൾ
തേഞ്ഞിപ്പലം: മരണ കിടക്കയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഗുരുതര രോഗികളുമായും അപകടത്തിൽ പരിക്കേറ്റവരുമായും ആശുപത്രികളിലേക്ക് പായുന്ന ആംബുലൻസുകൾക്ക് നടുറോഡിൽ കുരുക്ക്. അത്യാസന്ന നിലയിലുള്ളവരെ എത്രയും വേഗം കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്ക് എത്തിക്കാൻ ശരവേഗത്തിൽ പായുന്ന ആംബുലൻസുകൾ ദേശീയപാത സർവിസ് റോഡിലെ ഗതാഗത കുരുക്കിൽപ്പെടുന്നത് നിത്യസംഭവമായിരിക്കയാണ്.
സർവിസ് റോഡുമായി മറ്റ് പ്രാദേശിക റോഡുകൾ വന്നു ചേരുന്ന മേഖലകളിലാണ് രാവിലെയും വൈകീട്ടും പതിവായി ഗതാഗതകുരുക്കു. വള്ളിക്കുന്ന് മണ്ഡലത്തിൽപ്പെടുന്ന പടിക്കൽ, മേലേ ചേളാരി, പാണമ്പ്ര , ചെട്ടിയാർമാട്, കാക്കഞ്ചേരി, ഇടിമുഴിക്കൽ തുടങ്ങിയ മേഖലകളിലെല്ലാം ഏറെ നേരം നീളുന്ന ഗതാഗത കുരുക്ക് പതിവാണ്. ഒരു ദിശയിലേക്ക് മാത്രം ഗതാഗത സൗകര്യമുള്ള സർവിസ് റോഡിൽ വാഹനങ്ങളുടെ നീണ്ട നിര അധിക ദിവസങ്ങളിലും ഉണ്ടാകാറുണ്ട്. ഇതിനിടയിലാണ് ആംബുലൻസുകളും അത്യാവശ്യങ്ങൾക്കായി പോകുന്നവരും കുടുങ്ങുന്നത്.
ദേശീയ പാത വികസന പ്രവൃത്തി പൂർത്തിയായാൽ സർവിസ് റോഡിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതുവരേക്കും ഗതാഗത കുരുക്ക് അനുഭവിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം -എൻ.വൈ.എൽ
വള്ളിക്കുന്ന്: സർവിസ് റോഡ് ഒഴിവാക്കി ബസുകൾ ആറുവരിപ്പാതയിലൂടെ കുതിച്ചുപായുന്നത് മൂലം വിദ്യാർഥികളും യാത്രക്കാരും അനുഭവിക്കുന്ന ദുരിതത്തിനെതിരെ നാഷണൽ യൂത്ത് ലീഗ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ കൂടാതെ കോട്ടക്കൽ, പരപ്പനങ്ങാടി തിരൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളും സർവിസ് റോഡ് ഒഴിവാക്കി ആറുവരിപാതയിലൂടെയാണ് പോകുന്നത്. ത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ, ജില്ല ട്രഷറർ മൊയ്തീൻകുട്ടി കടുക്കാട്ടുപാറ, ജലീൽ ചെനക്കലങ്ങാടി, സുബൈർ, മൻസൂർ കളത്തിങ്ങൽപാറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്.
ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടി കാക്കഞ്ചേരി
വള്ളിക്കുന്ന്: ദേശിയപാത കാക്കഞ്ചേരിയിലേയും പരിസരങ്ങളിലെയും ഗതാഗത കുരുക്ക് യാത്രക്കാർക്ക് ദുരിതമാവുന്നു. ഇതിനിടെ കലുങ്ക് നിർമാണത്തിന്റെ പേരിൽ കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയുമാണ്. കലുങ്ക് നിർമാണത്തിനായി സർവിസ് റോഡുകൾ നിരവധി ഭാഗങ്ങളിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുകാരണം വാഹന യാത്രക്കാർ നട്ടം തിരിയുന്നതിനിടയിലാണ് പ്രധാന പാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നത്. ഒരു മാസത്തോളമായി കാക്കഞ്ചേരി ഭാഗത്ത് പ്രധാന പാതയിലൂടെയാണ് ഗതാഗതം.
സ്പിന്നിങ് മുതൽ കാക്കഞ്ചേരി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് പലപ്പോഴും. ഇടിമുഴിക്കൽ മുതൽ തലപ്പാറ വരെ ആറുവരിപ്പാതയുടെ പുതിയ ട്രാക്കിലൂടെയാണ് ബസ് ഗതാഗതം. ഇതോടെ സ്റ്റോപ്പിൽ ഇറങ്ങാനാവാതെ ബസ് യാത്രക്കാർ വലയുന്നതായുള്ള പരാതിക്കിടയിലാണ് ഇപ്പോൾ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നത്.
സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ ഇറക്കിവിടുന്നത് കാരണം സ്ഥലം മനസിലാവാതെ യാത്രക്കാർ പെരുവഴിയിലാവുകയാണ്. ഇഴഞ്ഞ് നീങ്ങുന്ന റോഡ് നിർമാണം കാരണം യാത്രാദുരിതം എന്ന് തീരുമെന്ന് വ്യക്തമല്ല. അപരിചിത യാത്രക്കാരാണ് ഏറെ വലയുന്നത്. ബസ് കാത്ത് നിൽക്കാൻ ഇപ്പോൾ സ്റ്റോപ്പുകളില്ലാത്ത സ്ഥിതിയാണ്.
പൊരിവെയിലത്താണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. ഗതാഗതക്കുരുക്ക് കാരണം ബസുകൾ പലവഴിക്ക് പോവുന്നതിനാൽ എവിടെ ഇറങ്ങണമെന്നും യാത്രക്കാർക്ക് അറിവില്ല. ബസ് ജീവനക്കാരും യാത്രകരും വാക്ക് തർക്കങ്ങളും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.