മലപ്പുറം: 77ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തുനിന്ന് ഗോൾ കീപ്പറടക്കം ആറ് പേർ ഇടം പിടിച്ചു. രണ്ട് ഗോൾ കീപ്പർമാരാണ് 22 അംഗ ടീമിൽ ജില്ലയിൽനിന്ന് ഉൾപ്പെട്ടത്. കേരള പൊലീസിന്റെ ഗോൾകീപ്പറായ പെരിന്തൽമണ്ണ പാതാക്കര കരുണാകരത്ത് വീട്ടിൽ മുഹമ്മദ് അസ്ഹറും ഈസ്റ്റ് ബംഗാൾ എഫ്.സി ഗോൾ കീപ്പറും വഴിക്കടവ് സ്വദേശിയുമായ പി.പി. മുഹമ്മദ് നിഷാദുമാണ് ഗോൾ കീപ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടത്.
മുഹമ്മദ് അസ്ഹര്‍ രണ്ടാം തവണയാണ് സന്തോഷ് ട്രോഫി ടീമില്‍ ഇടംപിടിക്കുന്നത്. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയും കെ.എസ്.ഇ.ബി പ്രതിരോധ താരവുമായ മുഹമ്മദ് സാലീമാണ് പട്ടികയിൽ ഇടം പിടിച്ച മൂന്നാമത്തെ താരം. മലപ്പുറത്ത് നടന്ന സംസ്ഥാന സീനിയര്‍ ഫുട്ബാളില്‍ കോട്ടയത്തിനായി ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടി ശ്രദ്ധേയനായിരുന്നു. സാലീം 2022-23ലും സന്തോഷ് ട്രോഫി ടീമിലുണ്ടായിരുന്നു. കാടാമ്പുഴ മാറാക്കര സ്വദേശിയും ബാസ്കോ ഒതുക്കുങ്ങലിന്റെ മധ്യനിര താരവുമായ അബ്ദുൽ റഹീം, ബാസ്കോയുടെ തന്നെ മുന്നേറ്റ താരവും അരിമ്പ്ര കടവത്ത് വീട്ടിൽ ജുനൈൻ, വയനാട് യുനൈറ്റഡ് എഫ്.സി താരവും ഐക്കരപ്പടി സ്വദേശിയുമായ അക്ബർ സിദ്ദീഖ് എന്നിവരാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ മലപ്പുറത്തിന്റെ മുന്നേറ്റ നിരയിലെ പ്രധാനിയായിരുന്നു കെ. ജുനൈന്‍. സ്ട്രൈക്കര്‍ പൊസിഷനില്‍ കേരളത്തിന് കരുത്താകും. ടീം ഒക്ടോബർ ഒമ്പതിന് ഗോവയിലേക്ക് തിരിക്കും. ഒക്ടോബർ 11ന് ഗുജറാത്തുമായാണ് കേരളത്തിന്റെ ആദ്യമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.