പൊന്നാനി: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുള്ള കടലാക്രമണം പൊന്നാനി താലൂക്കിലുടനീളം നാശം വിതച്ചപ്പോൾ കൂടുതൽ നാശനഷ്ടം സംഭവിച്ചത് പൊന്നാനി മുറിഞ്ഞഴി മുതൽ അലിയാർ പള്ളി വരെയുള്ള മേഖലകളിൽ.
കടലിനോട് ചേർന്നുള്ള പതിനഞ്ചോളം വീടുകൾ ഇവിടെ പൂർണമായും കടലെടുത്തു. പേരിനു മാത്രം കടൽഭിത്തിയുള്ള മേഖലയായതിനാലാണ് നാശനഷ്ടവും വർധിച്ചത്.
സ്വന്തമായുള്ള ഭൂമിയും വീടും കടലാക്രമണത്തിൽ കടലെടുക്കുമ്പോൾ ഭൂമിയുടെ പട്ടയ രേഖകളുമായി നിസ്സഹായരായി നിൽക്കുകയാണ് താലൂക്കിലെ കടലോര നിവാസികൾ. ഓരോ കടലാക്രമണകാലത്തും മീറ്ററോളം കരഭാഗമാണ് കടൽ കവർന്നെടുക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കിഴക്ക് പടിഞ്ഞാറായി മാത്രം നഷ്ടമായത് ഒരു കിലോമീറ്ററോളം ഭൂമിയാണ്. റവന്യൂ വകുപ്പ് കണക്കുകള്‍ പ്രകാരം പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള 12 കിലോമീറ്റര്‍ ഭാഗത്ത് 700 മീറ്റര്‍ ഭൂമി കടലെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. തീരദേശ പരിപാലന നിയമപ്രകാരം നിശ്ചയിച്ച ഭാഗത്തുനിന്ന് 700 മീറ്റര്‍ പരിധിയിലുള്ള ഭൂമിയാണ് കടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെയാണ് തീരത്തേക്കുള്ള കടല്‍ വേലിയേറ്റം രൂക്ഷമായത്. ഓരോ വര്‍ഷവും ഈ മേഖലയില്‍ 20 മുതല്‍ 40 മീറ്റര്‍ വരെ കടലെടുത്തതായാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമാണ് പൊന്നാനി തീരത്ത് കടല്‍കയറ്റം രൂക്ഷമായത്.
ഈ വര്‍ഷം പൊന്നാനി മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി അജ്മീര്‍ നഗർ എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. സർക്കാർ രേഖകൾ കൈയിലുണ്ടായിട്ടും, ഭൂമി നഷ്ടമാവുന്നതിനൊപ്പം സി.ആർ.സെഡ് പരിധിയിൽ കൂടിയായതിനാൽ ആനുകൂല്യങ്ങളൊന്നും തന്നെ തീരദേശവാസികൾക്ക് ലഭിക്കുന്നില്ല.
തീരപരിധിയിലുള്ളവർക്കായി പുനരധിവാസത്തിനായി സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ പരിധിയിൽ അർഹരായ പലരും ഉൾപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഭൂമിയും വീടും നഷ്ടമായവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.