കാളികാവ്: ജങ്ഷൻ ബസ് സ്റ്റാൻഡിൽ വെച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. മധുര അളകനല്ലൂർ കറുപ്പ് സാമി കോവിൽ പൂമാർക്കറ്റിലെ നാഗമ്മ (ഗംഗദേവി-38) ആണ് മാല മോഷണശ്രമത്തിനിടെ തിങ്കളാഴ്ച വീണ്ടും പിടിയിലായത്. 2018 ജൂണിൽ ബസിൽ വെച്ച് മാല മോഷ്ടിക്കുന്നതിനിടെ ഇവരെ കാളികാവിൽ നാട്ടുകാർ പിടികൂടിയിരുന്നു.
തിങ്കളാഴ്ച നിലമ്പൂരിൽനിന്ന് കാളികാവിലേക്ക് വരികയായിരുന്ന ബസിൽ മാളിയേക്കൽ ഉരലുമടക്കലിലെ പള്ളാട്ടിൽ ആയിഷയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാഗമ്മയെ പിടികൂടിയത്. രണ്ട് പവൻ തൂക്കമുള്ള മാല പൊട്ടിക്കുന്നത് മറ്റ് യാത്രക്കാർ കണ്ടതിനാലാണ് മാല നഷ്ടപ്പെടാതെ പിടികൂടാനായത്. കാളികാവ് ജങ്ഷൻ ബസ് സ്റ്റാൻഡിലെത്തിയ നാഗമ്മ ശുചിമുറിയിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പൊലീസിന് കൈമാറുകയായിരുന്നു.
ഉച്ചക്ക് 12ഓടെയാണ് സംഭവം. അഞ്ച് വർഷം മുമ്പത്തെ മോഷണശ്രമത്തിൽ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. അന്ന് കൂടെ ഉണ്ടായിരുന്ന സ്ത്രീ തിങ്കളാഴ്ചയും ഇവരോടൊപ്പമുണ്ടായിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. യാത്രക്കിടയിൽ മോഷണം പതിവാക്കിയ നാടോടി സംഘാംഗമാണ് പിടിയിലായതെന്നാണ് നിഗമനം. കാളികാവ് സി.ഐ എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലയാളികളെ പോലെ വസ്ത്രം ധരിച്ചാണ് ഇവർ ബസിൽ കയറുന്നത്. പെട്ടെന്ന് വേഷം മാറുന്നതിന് രണ്ട് വസ്ത്രങ്ങൾ ഒരുമിച്ച് ധരിക്കുകയും ചെയ്യും. മോഷണസാധനം കൈവശപ്പെടുത്തിയാൽ ബസിൽനിന്ന് ഇറങ്ങി മുകളിൽ ധരിച്ച വസ്ത്രം പെട്ടെന്ന് അഴിച്ചുമാറ്റി അടുത്ത ബസിൽ യാത്ര തുടരും. മോഷണ സാധനങ്ങൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയാണ് രീതി. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.