മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതികൾ അധികാരത്തിൽ വന്നെങ്കിലും ഇനിയും കാത്തിരിക്കേണ്ട ചിലരുണ്ട് മലപ്പുറം ജില്ലയിൽ. തൃക്കലങ്ങോട്, മക്കരപ്പറമ്പ്, തിരുനാവായ, മംഗലം, വെട്ടം ഗ്രാമ പഞ്ചായത്തുകളിലും തിരൂർ ബ്ലോക്ക് പഞ്ചായത്തിലുമാണ് സാങ്കേതിക കാരണങ്ങളാൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വൈകുന്നത്. ഭരണസമിതി കാലാവധി തീരാത്തതാണ് പ്രശ്നം.
തൃക്കലങ്ങോട്ട് ജനുവരി 16ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 22ന് തെരഞ്ഞെടുപ്പും നടക്കും. എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്ത പഞ്ചായത്തിൽ 15-8 ആണ് കക്ഷനില. ബാക്കി പഞ്ചായത്തുകളിലും തിരൂർ ബ്ലോക്കിലും ഫെബ്രുവരി ഒന്നിനാണ് പുതിയ ഭരണസമിതി നിലവിൽവരിക.
മംഗലം യു.ഡി.എഫ് നിലനിർത്തിയപ്പോൾ ചരിത്രത്തിലാദ്യമായി വെട്ടത്ത് എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 20 സീറ്റിൽ എൽ.ഡി.എഫിന് 10, യു.ഡി.എഫ് ഏഴ്, യു.ഡി.എഫ് റിബൽ രണ്ട്, വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ജയിച്ചത്.
മക്കരപ്പറമ്പിൽ ആകെ 13 വാര്‍ഡുകളില്‍ 12ലും യു.ഡി.എഫ് വിജയിച്ചു. പതിനൊന്നാം വാര്‍ഡിലെ എ.പി. രാമദാസാണ് ഏക എല്‍.ഡി.എഫ് പ്രതിനിധി. കോണ്‍ഗ്രസ് സഹകരണമില്ലാതെയാണ് മുസ്ലിം ലീഗ് സ്ഥാനാർഥികള്‍ മുന്നേറ്റം കുറിച്ചത്. തിരുനാവായയിൽ യു.ഡി.എഫിന് 14ഉം എൽ.ഡി.എഫിന് എട്ടും സീറ്റുണ്ട്. ഒരു സ്വതന്ത്ര അംഗവുമുണ്ട്. തിരൂർ ബ്ലോക്കിൽ എൽ.ഡി.എഫ് 10, യു.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് അംഗബലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.