മഞ്ചേരി: പയ്യനാട്, ആനക്കയം വില്ലേജുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം. കടലുണ്ടിപ്പുഴക്ക് കുറുകെ പുഴങ്കാവിൽ നിർമിച്ച തടയണയിൽ വെള്ളം തടഞ്ഞു നിർത്താൻ വ്യാഴാഴ്ച ഷട്ടർ താഴ്ത്തി. നാല് ഷട്ടറുകളാണ് താഴ്ത്തിയത്. അടുത്ത മഴക്കാലം വരെ വെള്ളം ശേഖരിക്കും. 4.60 മീറ്റർ ഉയരത്തിൽ വരെ വെള്ളം ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത ദിവസങ്ങളിൽ നിശ്ചിത അളവ് ജലവിതാനം ഉയർത്തും. ആനക്കയം പുഴയിലെ ജല പദ്ധതിക്ക് തടസ്സം വരാത്ത തരത്തിലാണ് ജലവിതാനം നിലനിർത്തുക.
നേരത്തെ 4.20 മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിച്ചു ട്രയൽ റൺ നടത്തിയിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവിലാണ് തടയണ നിർമിച്ചത്. കഴിഞ്ഞ ഡിസംബറിൽ നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം നടത്തുകയോ പ്രവർത്തനം തുടങ്ങുകയോ ചെയ്തിട്ടില്ല. തടയണ പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും നാട്ടുകാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് കഴിഞ്ഞ ദിവസം മുതൽ വെള്ളം സംഭരിക്കാനുള്ള തീരുമാനം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്റ് കോർപറേഷന് (കെ.ഐ.ഐ.ഡി.സി) വേണ്ടി ഹൈദരാബാദിലെ കമ്പനിയാണ് തടയണ നിർമിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു 70 മീറ്റർ നീളവും അഞ്ച് മീറ്റർ ഉയരത്തിലുമാണ് നിർമാണം.
പദ്ധതി യാഥാർഥ്യമായതോടെ പന്തല്ലൂർ മുടിക്കോട്, കിടങ്ങയം, നെല്ലിക്കുത്ത്, വള്ളുവങ്ങാട് ഭാഗങ്ങളിൽ തടയണയുടെ പ്രയോജനം ലഭിക്കും. പയ്യനാട് സ്റ്റേഡിയത്തിലേക്കും വെള്ളം എത്തിക്കാനാകും. പുഴങ്കാവ് തടയണയോട് അനുബന്ധിച്ച് ചെറുകിട ജലസേചന പദ്ധതികൾ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. വെള്ളം കനാൽവഴി സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ഇതിന്റെ സാധ്യത പരിശോധിക്കാൻ ജലവകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം തടയണ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.