കാഴ്ച പരിമിതരുടെ സൗത്ത് ഇന്ത്യ ചെസ് ടൂർണമെന്‍റിന് പുളിക്കൽ എബിലിറ്റിയിൽ ഇന്ന് തുടക്കം

മലപ്പുറം: അകക്കണ്ണിലൂടെ കരുക്കൾ നീക്കി മത്സരിക്കാനൊരുങ്ങുകയാണ് കാഴ്ചപരിമിതരായ ചെസ് താരങ്ങൾ. കാഴ്ച പരിമിതർക്കു വേണ്ടി ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഫോർ ദ ബ്ലൈൻഡിന്‍റെ (എ.ഐ.സി.എഫ്.ബി) മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന സൗത്ത് സോൺ ചെസ് ടൂർണമെന്‍റിന് ശനിയാഴ്ച ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനമായ പുളിക്കൽ എബിലിറ്റിയിൽ തുടക്കംകുറിക്കുകയാണ്.

മാർച്ച്‌ 19, 20, 21 തീയതികളിലാണ് മത്സരം. കേരളത്തിൽനിന്നുള്ള 20 പേരടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 100 കാഴ്ച പരിമിതരായ ചെസ് കളിക്കാരാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഇതിൽ 15 പേർ വനിതകളാണ്.

ഞായറാഴ്ച രാവിലെ 11ന് ടൂർണമെന്‍റിന്‍റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ ഒളിമ്പ്യൻ എൻ.ആർ. അനിൽ കുമാർ, ത്രിതല പഞ്ചായത്ത് സാരഥികൾ, പ്രമുഖ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഫോർ ദ ബ്ലൈൻഡ്, കേരള സ്റ്റേറ്റ് ചെസ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ്, എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബ്ൾഡ് പുളിക്കൽ എന്നിവർ സംയുക്തമായാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ അഞ്ച് മുതൽ മഹാരാഷ്ട്രയിലെ പുണെയിൽ നടക്കുന്ന നാഷനൽ മീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ ടൂർണമെന്‍റിൽ നടക്കും.

ഇന്‍റർനാഷനൽ ടൂർണമെന്‍റ് നടക്കുന്നത് ജൂലൈ മാസത്തിൽ മാസിഡോണിയയിലാണ്. ദേശീയ ടൂർണമെന്‍റിൽ വെച്ച് ഇന്‍റർനാഷനൽ ടൂർണമെന്‍റിലേക്കും ഇന്‍റർനാഷനൽ പാരാ ഒളിമ്പിക്സിലേക്കുമുള്ള സെലക്ഷൻ നടക്കും. മാർച്ച് 21ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സറീന ഹസീബ് തുടങ്ങിയവർ പങ്കെടുക്കും. 

Tags:    
News Summary - South India Chess Tournament for the visually impaired begins today at Pulikkal Ability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.