താനൂർ: കാരുണ്യത്തിന്റെ ബിരിയാണി രുചിച്ച് ഒരുനാട്. താനാളൂർ ഡയാലിസിസ് സെന്ററിന്റെ ധനശേഖരണാർഥം ഒരുക്കിയ ജനകീയ ബിരിയാണി ചലഞ്ച് ചരിത്രമായി. അര ലക്ഷം ബിരിയാണി പൊതികളാണ് ചലഞ്ചിന്റെ ഭാഗമായി താനാളൂരിലെയും പരിസരങ്ങളിലെയും വീടുകളിലും ഓഫിസുകളിലുമെത്തിയത്. വൃക്ക രോഗികളുടെ ചികിത്സ സഹായത്തിന് ഫണ്ട് കണ്ടെത്താനും പുതിയ യന്ത്രങ്ങൾ വാങ്ങാനുമാണ് ജനകീയ ബിരിയാണി ചലഞ്ച് നടത്തിയത്.
വിവിധ ക്ലബുകളും രാഷ്ട്രീയ സാമൂഹിക സംഘടനകളും കൈകോർത്താണ് ബിരിയാണി വിളമ്പിയത്. വിവിധ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വളന്റിയർമാരും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേരാണ് സേവന സന്നദ്ധരായി പ്രവർത്തിച്ചത്. എല്ലാവരും ഈ പദ്ധതിയോട് സഹകരിച്ചതോടെ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടാൻ കഴിഞ്ഞെന്ന് സംഘാടകർ പറഞ്ഞു. 2019ൽ താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച കെട്ടിടത്തിൽ എം.എൽ.എയായിരുന്ന വി. അബ്ദുറഹ്മാന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചും ബഹുജന പങ്കാളിത്തത്തോടെയും വാങ്ങിച്ച ഏഴ് യന്ത്രങ്ങളുടെ സഹായത്തോടെ 24 രോഗികളെയാണ് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇനിയും നിരവധി രോഗികൾ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. 30 ലക്ഷത്തോളം രൂപ ഒരു വർഷം സെന്റർ നടത്തിപ്പിന് ചെലവുവരുന്നുണ്ട്. ഇത് കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.