താനൂർ: താനൂരില്‍ സിവില്‍ സ്റ്റേഷന് നിര്‍മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്. സിവില്‍ സ്റ്റേഷന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന താനൂര്‍ ചന്തപ്പറമ്പിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം പൂർണമായി ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താനൂര്‍ നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താൻ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി.
സർക്കാർ ചന്ത നടത്തുന്നതിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന് നൽകിയ ഭൂമിയായിരുന്നു ചന്തപ്പറമ്പ്. 1981ൽ ജില്ല കലക്ടർ ഇറക്കിയ ഉത്തരവ് പ്രകാരം ഭൂമി സർക്കാർ തിരിച്ചെടുത്തതാണെങ്കിലും വ്യാജരേഖയുണ്ടാക്കി ചില സ്വകാര്യ വ്യക്തികൾ വർഷങ്ങളായി കൈവശം വെച്ചിരിക്കുകയായിരുന്നു. ഒരു ഏക്കറും 74 സെന്റ് സ്ഥലവുമാണ് ഇവിടെ സർക്കാർ ഭൂമിയായുള്ളത്. ഇതില്‍ 38.5 സെന്റ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.
ഈ ഭൂമിയിലാണ് ആദ്യ ഘട്ടത്തില്‍ കെട്ടിടം നിര്‍മിക്കുക. റീസർവേയിലെ അപാകതകള്‍ പരിഹരിച്ച് ബാക്കി ഭൂമി കൂടി തിരിച്ചുപിടിക്കും. ഇതിനായി പ്രത്യേക സമയക്രമം തയാറാക്കി മുന്നോട്ടുപോവും. ഫയര്‍ സ്റ്റേഷനിലേക്കും ഡിവൈ.എസ്.പി ഓഫിസിലേക്കുമുള്ള റോഡ് വികസിപ്പിക്കാന്‍ 10 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ നാല് പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാൻ ഏറ്റവും മികച്ച നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുക്കും. രണ്ടു മാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും. പാലങ്ങളുടെ നിര്‍മാണത്തിനുള്ള ടെൻഡര്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. മണ്ഡലത്തിലെ അഞ്ച് ഹൈസ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് അനുമതിയായിട്ടുണ്ട്.
എത്രയും പെട്ടെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തീരദേശപാതയുമായി ബന്ധപ്പെട്ട് മൂന്ന് കിലോമീറ്റര്‍ മാത്രമാണ് മണ്ഡലത്തില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും. പാതയുടെ നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
താനൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ വി.ആര്. വിനോദ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എന്‍.എം. മെഹറലി, റവന്യൂ, പൊതുമരാമത്ത് വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.