താനൂർ: താനൂർ-തെയ്യാല റോഡ് റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റിന്റെ അഭിമുഖത്തിൽ താനൂർ ജങ്ഷനിൽ റോഡ് ഉപരോധിച്ചു.
മേൽപാലത്തിന്റെ പണി എത്രയും വേഗം പൂർത്തീകരിക്കുക, ചെറിയ വാഹനങ്ങൾ കടന്നുപോകാൻ റെയിൽവേ ഗേറ്റ് തുറന്നുനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധ സമരം.
താനൂരിലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി. റഹീം സ്വാഗതവും പി. ഷണ്മുഖൻ നന്ദിയും പറഞ്ഞു. ജംഷീർ, കെ.പി. മനാഫ്, കള്ളിയത്ത് ജലീൽ, വി.പി. ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
താനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ റോഡ് ഉപരോധ സമരത്തിൽ പൊലീസ് ഇടപെട്ടത് പ്രതിഷേധത്തിനിടയാക്കി. സംസ്ഥാന യൂത്ത് വിങ് ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടന പ്രസംഗം തുടങ്ങിയ ഉടൻ പൊലീസ് ഇടപെടുകയായിരുന്നു. നേതാക്കളെ വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ മറ്റു വ്യാപാരികൾ സ്റ്റേഷനിലേക്ക് പ്രകടനമായി നീങ്ങി.
സെക്രട്ടറി എം.സി. റഹീമിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ പൊലീസുമായി ചർച്ച നടത്തി 10 പേരുടെ പേരിൽ അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു. സ്റ്റേഷൻ പരിസരത്തുനിന്ന് കച്ചവടക്കാർ വീണ്ടും പ്രകടനമായി വ്യാപാരഭവനിൽ എത്തി. അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി. പി. ഷൺമുഖൻ, വി.പി. ശശികുമാർ, കെ.പി. ജംഷീർ, ജലീൽ കള്ളിയത്ത്, മനാഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.