താനൂർ: താനൂരിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലായി മാറാനിടയുള്ള തെയ്യാല റോഡ് റെയിൽവേ മേൽപാലം പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് മണ്ഡലത്തിൽ സജീവ ചർച്ചയാകുന്നു. പ്രവൃത്തി മന്ദഗതിയിലായതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നതിനു പുറമേ പ്രതിഷേധ പരിപാടികൾക്കായി വിവിധ സംഘടന പ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തി സർവകക്ഷി ആക്ഷൻ കമ്മിറ്റിയും നാട്ടുകാർ രൂപവത്കരിച്ചിരുന്നു. അടച്ചിട്ട റെയിൽവേ ഗേറ്റ് കാരണം ദുരിതമനുഭവിക്കുന്ന നാട്ടുകാരോടൊപ്പം വലിയ തോതിൽ കച്ചവട നഷ്ടം അനുഭവിക്കുന്ന താനൂരിലെ വ്യാപാരി സമൂഹവും കൂടി പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങിയതോടെ മറുപ്രചാരണവുമായി ഭരണപക്ഷ നേതാക്കളും പ്രവർത്തകരും രംഗത്തെത്തി.
ഇതിനിടെ വിഷയത്തിൽ വ്യാപാരികൾ നടത്തിയ റോഡ് ഉപരോധ സമരത്തിൽ ഉദ്ഘാടന പ്രസംഗം പോലും മുഴുവനാക്കാനനുവദിക്കാതെയുണ്ടായ പൊലീസ് നടപടിയും വിമർശനം ക്ഷണിച്ചുവരുത്തി. യു.ഡി.എഫിന്റെ 60 വർഷക്കാലത്തെ ഭരണത്തിൽ നടപ്പാക്കാനാകാതിരുന്ന വികസനം എൽ.ഡി.എഫ് ഭരണത്തിൽ പൂർത്തീകരിക്കാൻ പോകുന്നതിലുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നതെന്നും വ്യാപാരി നേതാക്കളെ പ്രതിപക്ഷം ഉപയോഗപ്പെടുത്തുകയാണെന്നുമാണ് എൽ.ഡി.എഫ് അണികൾ വിശദീകരിക്കുന്നത്.
മേൽപാലം പ്രവൃത്തി വൈകാനിടയായത് കോവിഡ് മൂലമാണെന്നും പ്രവൃത്തി തൃപ്തികരമായ നിലയിൽ നടക്കുന്നുണ്ടെന്നും റെയിൽവേ ഗേറ്റ് ഗതാഗതത്തിനായി തുറന്നു നൽകാൻ തടസ്സം നിൽക്കുന്നത് ഇന്ത്യൻ റെയിൽവേയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് കൂടുതലായൊന്നും ചെയ്യാനായില്ലെന്നുമാണ് ഇടതുപക്ഷ അണികൾ പറയുന്നത്.
എന്നാൽ, അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള പാലം നിർമാണമാണെന്നും ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും പറഞ്ഞവർക്ക് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങുമെത്തിക്കാനായിട്ടില്ലെന്നാണ് പ്രതിപക്ഷവും വ്യാപാരികളും ആക്ഷൻ കമ്മിറ്റിയും പറയുന്നത്.
കരാറുകാർക്ക് ആവശ്യമായ തുകയനുവദിക്കാത്തതാണ് പ്രവൃത്തി നീളാൻ കാരണമാകുന്നത്. ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ സ്ഥലം എം.എൽ.എയും റെയിൽവേയുടെ കൂടി ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും ബദൽ മാർഗങ്ങളൊരുക്കാതെ കുറഞ്ഞ കാലത്തേക്കെന്ന് പറഞ്ഞ് ഗേറ്റ് അടച്ചിട്ടതിന് ശേഷം പ്രവൃത്തി വേഗത്തിലാക്കാനോ താൽക്കാലികമായി ഗേറ്റ് തുറപ്പിക്കുന്നതിനോ വേണ്ട ഇടപെടലുകളൊന്നും മന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടാകാത്തത് വ്യക്തമായ വീഴ്ചയാണെന്നുമാണ് ഇവർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.