താനൂർ: തീരത്ത് നാടൻ വള്ളക്കാർക്ക് നേരെയുള്ള അധികൃതരുടെ തുടർച്ചയായ അന്യായ നടപടികൾ, ക്ഷേമനിധി തുക വർധന എന്നിവയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയ പണിമുടക്ക് മേഖലയിൽ പൂർണം. സംയുക്ത മത്സ്യത്തൊഴിലാളി യൂനിയനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ചെറുകിട തോണികളും ഫൈബർ വള്ളങ്ങളും മുഴുവനായും മീൻപിടിത്തത്തിന് ഇറങ്ങിയില്ല. നിരോധിത വല ഉപയോഗിച്ച് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നത് ബന്ധപ്പെട്ടവർ തടയുന്നില്ലെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി. ഈയിടെ വള്ളങ്ങളുടെ ലൈസൻസ് തുകയും വർധിപ്പിച്ചിരുന്നു. സമരത്തെ തുടർന്ന് തുറമുഖവും പരിസരവും വ്യാഴാഴ്ച ആളൊഴിഞ്ഞ നിലയിലായിരുന്നു.
തിരൂർ: കടലിലെ മത്സ്യസമ്പത്തും പരിസ്ഥിതിയും നശിപ്പിക്കുന്ന നിരോധിത മത്സ്യബന്ധനം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനുകൂലമായ നടപടിയില്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. നിരോധിത മത്സ്യബന്ധന രീതിയായ പെയർട്രോളിങും ഡ്രജ്ജർ വലയും കരവലിയും ലൈറ്റ് ഫിഷിങ്ങും അവസാനിപ്പിക്കണം. അന്തർസംസ്ഥാന ബോട്ടുകാർ ഉൾപ്പെടെയുള്ള വലിയ ബോട്ടുകൾ പെയർട്രോളിങ് ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്നും മത്സ്യസമ്പത്തും കടലിന്റെ പരിസ്ഥിതിയും നശിപ്പിക്കാനേ ഇതുകൊണ്ട് കഴിയൂവെന്നും ഭാരവാഹികൾ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പ് മൂലമുള്ള തൊഴിൽ നഷ്ടങ്ങളും ഇന്ധനവില വർധനവും മത്സ്യസമ്പത്തിന്റെ കുറവും കിട്ടുന്ന മത്സ്യത്തിന് ന്യായവില ലഭിക്കാത്തതും മേഖല ദുരിതത്തിലാക്കിയെന്നും തൊഴിലാളികളുടെ സംരക്ഷണം പാലിക്കപ്പെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ല സെക്രട്ടറി എം.കെ. അബ്ദുൽ റാസിഖ്, പി.കെ. കുഞ്ഞിമോൻ തിരൂർ, എ. അഷറഫ് ഉണ്ണിയാൽ, കെ.സി. കോയമോൻ ചെട്ടിപ്പടി, തൗഫീക്ക് കൂട്ടായി, യു. അഷറഫ് പരപ്പനങ്ങാടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.