താനൂർ: താനൂർ ഹാർബറിൽ മത്സ്യബന്ധന വള്ളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ത്രീകളെയും കുട്ടികളെയുമടക്കം പങ്കെടുപ്പിച്ച് അനധികൃത ഉല്ലാസയാത്ര സംഘടിപ്പിച്ചതായി പരാതി.
ഇൻബോഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സ്ത്രീകളെയും കുട്ടികളെയും മത്സ്യത്തൊഴിലാളികളല്ലാത്തവരെയുമായി ഉല്ലാസയാത്ര നടത്തിയത്.
കടലിൽ മത്സ്യത്തൊഴിലാളികൾ അല്ലാത്തവർ പോകരുതെന്ന നിയമം നിലനിൽക്കെ ജീവൻരക്ഷ ഉപകരണങ്ങളോ മതിയായ മുൻകരുതലുകളോ ഇല്ലാതെ കുട്ടികളെയും സ്ത്രീകളെയും കൊണ്ട് കടലിൽ പോയവർക്കെതിരെ കർശനനടപടികൾ കൈക്കൊള്ളുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യബന്ധനയാനങ്ങൾ മത്സ്യബന്ധനത്തിന് അല്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഫിഷറീസ് റെസ്ക്യൂ ഗാർഡിന്റെ നിർദ്ദേശങ്ങളടക്കം അവഗണിച്ചാണ് യാത്ര നടത്തിയത്.
താനൂർ ബോട്ട് ദുരന്ത ശേഷം ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അത് കാറ്റിൽ പറത്തിയാണ് നടപടി. മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന പ്രവണത വർധിക്കുന്നത് അടുത്തിടെ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരം നടപടികൾ തുടർന്നാൽ ഉടമസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസുൾപ്പെടെ റദ്ദാക്കുമെന്നും മറൈൻ എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.