താനൂർ: നിർമാണം പൂർത്തീകരിച്ചെന്ന അവകാശവാദത്തോടെ ഉദ്ഘാടനം ചെയ്ത പുതിയ നാല് സ്റ്റേഡിയങ്ങളടക്കം ഒട്ടേറെ ഗ്രൗണ്ടുകളുണ്ടായിട്ടും കായികമന്ത്രി വി. അബ്ദുറഹ്മാന്റെ മണ്ഡലമായ താനൂരിൽ ഉപജില്ലതല കായികമേള നടത്തുന്നതിന് അനുയോജ്യമായ ഗ്രൗണ്ട് കണ്ടെത്താനാകാതെ മണ്ഡലത്തിന് പുറത്തുള്ള വേദികളെ ആശ്രയിക്കേണ്ടി വരുന്നത് വിമർശനത്തിനിടയാക്കുന്നു. വർഷങ്ങളായി മേള നടക്കാറുള്ള ദേവധാർ സ്കൂൾ ഗ്രൗണ്ടിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടനിർമാണം ആരംഭിക്കുകയും പകരം ഗ്രൗണ്ട് സജ്ജമാക്കാതിരിക്കുകയും ചെയ്തതോടെയാണ് കായികമേളക്കായി വേദിയില്ലാതെ വന്നത്. വൻതുക ചെലവിട്ട് നിർമാണം പൂർത്തീകരിച്ച സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങൾ നടത്താനാകാതെ വന്നതോടെയാണ് ഉപജില്ല കായിക മേളയുടെ പ്രധാന വേദിയായി തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തെ തെരഞ്ഞെടുത്തത്.
തിരൂർ തുഞ്ചൻ കോളജ് ഗ്രൗണ്ട്, പാറക്കൽ യു.പി സ്കൂൾ ഗ്രൗണ്ട്, കോഴിച്ചെന എം.എസ്.പി ഗ്രൗണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് മത്സരങ്ങൾ നടത്തിയത്. ചില ഇനങ്ങൾ പുതുതായി നിർമിച്ച താനൂർ ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്നറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വേറൊരു ഗ്രൗണ്ടിലേക്ക് മാറ്റുകയാണുണ്ടായത്. മൂന്നുദിവസം കൊണ്ട് പൂർത്തീകരിക്കേണ്ട മത്സരങ്ങൾ ഇനിയും മുഴുമിപ്പിക്കാനാകാത്തത് വിദ്യാർഥികളെ പ്രയാസപ്പെടുത്തുന്ന നടപടിയാണെന്നാണ് വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആരോപിക്കുന്നത്. ജില്ലതല കായിക മത്സരങ്ങൾ അടുത്തമാസം ആദ്യം നാലിന് നടക്കുമെന്നിരിക്കെ ഉപജില്ല തല മത്സരങ്ങൾ പൂർത്തീകരിക്കാൻ വൈകുന്നത് ജില്ലതല മത്സരങ്ങളിലേക്ക് യോഗ്യത നേടുന്നവർക്ക് മതിയായ തയാറെടുപ്പുകൾ നടത്തുന്നതിന് തടസ്സമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.