താനൂർ: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ മാലിന്യപ്രശ്നവും ഹരിതകർമ സേനാംഗങ്ങളുടെ തൊഴിലില്ലായ്മയും ഉയർത്തിക്കാണിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കാര്യാലയത്തിന് മുന്നിൽ സമരം സംഘടിപ്പിച്ചു. കൗൺസിലർമാരായ എം. സുചിത്ര, പി.ടി. അക്ബർ, ഇ. കുമാരി, പി. രുഗ്മിണി, റൂബി ഫൗസി എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും അനുവദിച്ച ഫണ്ടുണ്ടായിരിക്കെ ശുചീകരണ പ്രവൃത്തിയിൽ നഗരസഭ അലംഭാവം കാണിക്കുകയാണ്. നഗരസഭ വാങ്ങിയ 80 സെന്റ് സ്ഥലത്ത് മാലിന്യസംസ്കരണം നടത്തുന്നതിന് പകരം മറ്റൊരു കെട്ടിടത്തിൽ വാടക നൽകിയാണ് നഗരസഭ സംസ്കരിക്കുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
മാലിന്യസംസ്കരണം നിർത്തിയതോടെ ഹരിതകർമസേന അംഗങ്ങൾ തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുകയാണ്. കൂടാതെ നിരവധി വീടുകളിലും പൊതുവഴികളിലും മാലിന്യം കെട്ടിക്കിടന്ന് മാറാരോഗങ്ങൾക്കും ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. പ്രശ്നത്തിന് നഗരസഭ അടിയന്തരമായി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജനകീയ പങ്കാളിത്തത്തോടെ സമരം ശക്തമാക്കുമെന്ന് കൗൺസിലർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.