താനൂർ: ഈ തിരുവോണനാൾ നീരവിനും കുടുംബത്തിനും പ്രതീക്ഷയുടെ പുലരികൂടിയാണ്. താനൂർ കുണ്ടുങ്ങൽ പട്ടയത്ത് നിധീഷ്-രേഷ്മ ദമ്പതികളുടെ അഞ്ചുമാസം പ്രായമായ മകൻ നീരവ്, തിരുവോണനാളിലാണ് അപൂർവ രോഗത്തിന് വിദഗ്ധ ചികിത്സ തേടി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് തിരിക്കുക.
വി. അബ്ദുറഹ്മാൻ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സാമൂഹിക സുരക്ഷ പദ്ധതിയായ വി കെയറിൽനിന്ന് ലഭിച്ച സഹായധനമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ആശ്വാസമായത്. ജന്മന പ്രതിരോധശേഷി ഇല്ലാത്ത, സിവിയർ കംബൈൻഡ് ഇമ്യൂണോ ഡെഫിഷ്യൻസി എന്ന അപൂർവ ജനിതക രോഗമാണ് നീരവിന്. പ്രതിരോധശേഷി ഇല്ലാത്തതിനാൽ വിവിധ രോഗങ്ങൾ ബാധിച്ചിരുന്നു.
പല ചികിത്സകൾ നൽകിയെങ്കിലും ഫലപ്രദമായില്ല. ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ഗീതാരാജിനെ കാണാൻ വി. അബ്ദുറഹ്മാൻ എം.എൽ.എയുടെ നിർദേശപ്രകാരം കുടുംബം തീരുമാനിക്കുകയായിരുന്നു. ഡോക്ടറാണ് അപൂർവ രോഗമാണെന്ന് കണ്ടെത്തിയത്. ഏറെ ചെലവ് വരുന്ന ചികിത്സയായതിനാലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജുമായി ബന്ധപ്പെട്ട് വി കെയർ പദ്ധതി പ്രകാരം സഹായം അഭ്യർഥിച്ചത്.
മന്ത്രി തന്നെ മുന്നിട്ടിറങ്ങി സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നെന്ന് വി. അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു. നിധീഷ്-രേഷ്മ ദമ്പതികളുടെ ആദ്യ കുട്ടി അപൂർവ രോഗം ബാധിച്ച് മരിച്ചിരുന്നു. അന്ന് രോഗമേതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെയിൻറിങ് തൊഴിലാളിയായ നിധീഷിെൻറ വരുമാനം മാത്രമാണ് കുടുംബത്തിെൻറ ആശ്രയം. മജ്ജ മാറ്റിവെക്കൽ ചികിത്സയാണ് നീരവിന് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.