താനൂർ: നൂറ്റാണ്ടിലേറെ പഴക്കമുള്ള താനൂർ കൂനൻപാലത്തിലൂടെ വിലക്കുകൾ വകവെക്കാതെ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്നത് ആശങ്ക സൃഷ്ടിക്കുന്നു. താനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഹാർബറിലേക്കുള്ള പ്രധാന പാതയിലുള്ള കൂനൻ പാലം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്.
ബ്രിട്ടീഷ് നിർമാണ രീതിയുടെ മേന്മ വിളിച്ചോതി ഒരു നൂറ്റാണ്ടിലേറെയായി താനൂരിലെ പുരാതന അങ്ങാടിയിലേക്കുള്ള പ്രവേശന കവാടമായി നിലനിൽക്കുന്ന അങ്ങാടിപ്പാലം എന്നറിയപ്പെടുന്ന കൂനൻ പാലം വശങ്ങൾ ഇടിഞ്ഞ് അപകടാവസ്ഥയിലാണിപ്പോൾ. താനൂർ ഫിഷിങ് ഹാർബർ പ്രവർത്തനമാരംഭിച്ചതോടെ ഇതു വഴി ഗതാഗതവും വർധിച്ചിട്ടുണ്ട്.
പ്രദേശത്തെ അഞ്ചിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒട്ടേറെ വിദ്യാർഥികളാണ് പാലം വഴി കടന്നു പോകുന്നത്. നിലവിലുള്ള കൂനൻപാലം പൂർണമായും പൊളിച്ചു മാറ്റി മതിയായ സൗകര്യങ്ങളോടെ പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദീർഘകാലം പ്രദേശത്തെ ജനപ്രതിനിധിയായിരുന്ന പൊതുപ്രവർത്തകൻ എ.പി. ശരീഫിന്റെ ഓർമകളിൽ 1967ൽ പാലത്തിന്റെ അപകടാവസ്ഥയറിയിച്ച് വലിയ വാഹനങ്ങൾ വിലക്കിയുള്ള സർക്കാർ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബ്രിട്ടീഷ് കാല നിർമാണ രീതിയുടെ മേന്മയുമായി ഇന്നും നിലനിൽക്കുന്ന പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട്. വീതി കുറഞ്ഞ പാലത്തിലൂടെ എതിർദിശയിലുള്ള രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കില്ല. പാലം വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനെതിരെ വ്യാപാരികളുയർത്തിയ എതിർപ്പിനെത്തുടർന്ന് പുതിയ പാലത്തിനുള്ള പദ്ധതി പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. അതേസമയം, പുതിയ പാലം വരുന്നതോടെ പുരാതനമായ താനൂർ വാഴക്കത്തെരു അങ്ങാടി തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയും വ്യാപാരികളടക്കമുള്ളവർക്കുണ്ട്. കൂനൻ പാലം അതേ പടി സംരക്ഷിച്ച് പൈതൃക സ്മാരകമായി നിലനിർത്തുകയാണ് വേണ്ടതെന്ന വാദവും ഒരു വിഭാഗത്തിനുണ്ട്. താനൂർ ജങ്ഷനിൽ നിന്നുള്ള പ്രധാന പാതയിൽനിന്നും അങ്ങാടിയിലേക്കുള്ള യാത്രക്ക് കൂനൻ പാലത്തെ ആശ്രയിക്കുന്നവർ ഏറെയാണ്. വശങ്ങളിടിഞ്ഞ് അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര ഇനിയുമെത്ര നാൾ തുടരണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഹെവി വാഹനങ്ങൾ കടന്നു പോകുന്നത് നിയന്ത്രിക്കാൻ ഇരുമ്പുകമാനം പാലത്തിന്റെ മുന്നിൽ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ അധ്യക്ഷൻ പി.പി. ശംസുദ്ദീൻ പറഞ്ഞു. പാലത്തിനിരുവശവും അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ഈ വിഷയത്തിൽ ഇടപെടലുകൾ ആവശ്യപ്പെട്ട് ജില്ല കലക്ടറടക്കമുള്ള അധികാരികൾക്ക് ഇ-മെയിൽ സന്ദേശമയച്ച സാമൂഹികപ്രവർത്തകനായ കെ.പി. ശാഫി ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.